ബെംഗളൂരു: ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇതിനകം 40 മണിക്കൂറിലധികം സമയം ബിനീഷ് ഇഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിനു നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതു സംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.
കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണ്. ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികൾ തുടങ്ങിയിരുന്നു. ലഹരിക്കേസിൽ പിടിയിലായ അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരിലാണിത്. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടും അന്വേഷിക്കേണ്ടതുണ്ട്.
ബിനീഷുമായി ലഹരി ഉപയോഗം വഴിയാണ് സൗഹൃദത്തിലായതെന്ന് അനൂപ് മൊഴി നൽകിയെന്നും ഇഡി അറിയിച്ചു. 2012-19 കാലത്ത് ഇരുവരും തമ്മിൽ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നും 3.5 കോടി കള്ളപ്പണമാണെന്നും ഇഡി കോടതിയിൽ അറിയിച്ചു.
Leave a Comment