നിതീഷ് കുമാര്‍ 30,000 കോടിയുടെ അഴിമതി നടത്തി; തെളിവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ബിഹാര്‍ സര്‍ക്കാരിന് 30,000 കോടിയുടെ 60 അഴിമതികളില്‍ പങ്കുണ്ടെന്ന് തേജസ്വി ശനിയാഴ്ച ആരോപിച്ചു. ഇതിനു തെളിവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഉള്‍പ്പെടെയാണു തേജസ്വി ചൂണ്ടിക്കാട്ടുന്നത്

‘ബഹുമാനപ്പെട്ട നിതീഷ് കുമാറിന്റെ കീഴില്‍ 30,000 കോടി രൂപയുടെ 60ലധികം അഴിമതികള്‍ നടന്നിട്ടുണ്ട്. ഇതില്‍ 33 എണ്ണം അഞ്ച് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട്… നിങ്ങള്‍ക്ക് സ്വയം കേള്‍ക്കാം.’ മോദിയുടെ വിഡിയോ ട്വീറ്റ് ചെയ്ത് തേജസ്വി പറഞ്ഞു. 2015ലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതാണ് വിഡിയോയിലുള്ളത്. അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് നിതീഷ് കുമാറിന്റെ ജെഡിയു മത്സരിച്ചിരുന്നത്. എന്‍ജിനീയറിങ് കോളജുകളില്‍ സീറ്റ് അനുവദിക്കുന്നതില്‍ തുടങ്ങി മദ്യ വില്‍പനയില്‍ വരെ നിതീഷ് കുമാര്‍ അഴിമതി നടത്തിയെന്ന് ആ സമയത്ത് ബിജെപി ആരോപിച്ചിരുന്നു.

2017ലാണ് ആര്‍ജെഡിയുമായി തെറ്റിപ്പിരിഞ്ഞ് നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയില്‍ എത്തുന്നത്. ഇത്തവണ ബിഹാറിലെ എന്‍ഡിഎയുടെ രണ്ടു തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ‘ജംഗിള്‍ രാജിന്റെ യുവരാജാവ്’ ആണ് തേജസ്വി യാദവ് എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിഹാറില്‍ ജംഗിള്‍ രാജ് ആയിരുന്നെന്ന അന്നത്തെ പ്രതിപക്ഷ വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ കടന്നാക്രമണം.

തേജസ്വി യാദവിന്റെ വാഗ്ദാനങ്ങള്‍ വ്യാജമാണെന്ന വിമര്‍ശനവുമായി നിതീഷ് കുമാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 10 ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തേജസ്വിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കു പിന്നാലെയായിരുന്നു നിതീഷിന്റെ പ്രസ്താവന. മൂന്നുഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 53.53% ആളുകളാണ് വോട്ട് ചെയ്തത്. നവംബര്‍ 3, 7 തീയതികളിലാണ് അടുത്ത ഘട്ടങ്ങള്‍. 10ന് ഫലം പ്രഖ്യാപിക്കും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7