സ്വപ്ന പദ്ധതികളുടെ കാവലാൾ, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍, അധികാരകേന്ദ്രം; ഒടുവില്‍ സംഭവിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി ഭരണനിര്‍വഹണത്തില്‍ പൂര്‍ണനിയന്ത്രണം ഉണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് കേരളത്തിൽ ഏറെ വിവാദമായ സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്ഥാനത്തേക്ക് എം. ശിവശങ്കര്‍ ഐഎഎസ് എത്തിയത്. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു. സ്പ്രിങ്‌ളര്‍ വിവാദത്തില്‍ ശിവശങ്കര്‍ ആരോപണവിധേയനായെങ്കിലും കൈവിടാതെ ചേര്‍ത്തു നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഭരണതലത്തില്‍ ഏറെ മികവുറ്റ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ശിവശങ്കര്‍ പഠനകാലത്തും അതേ മികവാണു പുലര്‍ത്തിയിരുന്നത്. എസ്എസ്എല്‍സിക്കു റാങ്ക് നേടി എന്‍ജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രദ്ധേയമായ ഭരണ പാടവമാണ് കാഴ്ച വച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുകയും അമിതമായ അധികാരം ലഭിക്കുകയും ചെയ്ത ശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഏറെ മികവു തെളിയിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണു പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തിരഞ്ഞെടുത്തത്. കെ–ഫോൺ ഉൾപ്പെടെ സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ കാവലാൾ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു. ഐടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി ലഭിച്ചത് ആ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഐഎഎസില്‍ 2023 ജനുവരി 31 വരെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് വീഴ്ച.

തിരുവനന്തപുരം സ്വദേശിയായ ശിവശങ്കര്‍ എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടര്‍ന്നു പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ ബിടെക്കിനു ചേര്‍ന്നു. അവിടെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്നു ഗുജറാത്തിലെ ‘ഇര്‍മ’യില്‍നിന്നു റൂറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാര്‍ഥിയെന്ന നിലയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടി.

പഠന ശേഷം കുറെക്കാലം റിസര്‍വ് ബാങ്കില്‍ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പില്‍ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയില്‍ ഇരിക്കെ 1995ല്‍ കണ്‍ഫേഡ് ഐഎഎസ് ലഭിച്ചു. 2000 മാര്‍ച്ച് ഒന്നിന് ഐഎഎസില്‍ സ്ഥിരപ്പെടുത്തി. മലപ്പുറം കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണു ശിവശങ്കർ കാഴ്ചവച്ചത്. പിന്നീടു ടൂറിസം ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും തടയിട്ടു.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി. ശിവശങ്കര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയില്‍ ദേശീയ ഗെയിംസ് നടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular