സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് കാരാട്ട് റസാഖ് എംഎല്‍എ

കൊച്ചി: കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിനു നല്‍കിയതായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും വിധം സന്ദീപ് നായരുമായോ സ്വര്‍ണക്കടത്ത് കേസിലെ മറ്റേതെങ്കിലും പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. ജീവിതത്തില്‍ ഇന്നുവരെ ഇത്തരം ആളുകളെ കണ്ടിട്ടില്ല. ഫോണിലോ അല്ലാതെയൊ ബന്ധമുണ്ടായിട്ടില്ല. അനാവശ്യമായ വിവാദങ്ങള്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കുകയാണ്. ഇതിനു പിന്നില്‍ ആരുടെയെങ്കിലും കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ല.

തനിക്ക് സ്വര്‍ണക്കള്ളക്കടത്ത് എന്ന ബിസിനസ് ഇല്ല. ഇത്തരം ആളുകളുമായി ഒരു നിലയ്ക്കമുള്ള ബന്ധവുമില്ല. അതുകൊണ്ടു തന്നെ യാതൊന്നും ഭയപ്പെടേണ്ട സാഹചര്യമില്ല. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളത്. അവരെ ആരെയും അറിയില്ല. രാഷ്ട്രീയ മാറ്റത്തിനു ശേഷം തനിക്കെതിരെ പല ഗൂഢാലോചനകളും പലഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഇത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജന്‍സിയും തന്നെ ബന്ധപ്പെടുകയൊ വിളിക്കുകയോ ചെയ്തിട്ടില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഒരു ഏജന്‍സിക്കും തന്നെ വിളിപ്പിക്കാനാവില്ല, തനിക്കെതിരെ അന്വേഷണം നടത്താനുമാവില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണമെങ്കില്‍ മാത്രമേ വിളിപ്പിക്കൂ. കാരാട്ട് ഫൈസല്‍ തന്റെ അയല്‍വാസിയാണ്. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറുമാണ്. അതുകൊണ്ട് പരിചയമുണ്ട്, ആ രീതിയിലുള്ള ബന്ധവുമുണ്ട്. അതില്‍ കവിഞ്ഞ് യാതൊരു ബിസിനസ് ബന്ധവുമില്ല. എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് എന്ന് അന്വേഷിക്കാനോ പരിശോധിക്കാനോ ഇല്ലെന്നും കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.

കെ.ടി. റമീസുമായി കാരാട്ട് റസാഖിന് അടുത്ത ബന്ധമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ മൊഴി നല്‍കിയെന്നാണ് കേന്ദ്ര സര്‍ക്കാരിന് കസ്റ്റംസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലുള്ളത്. ഇവര്‍ സ്വര്‍ണം കടത്തിയത് കാരാട്ട് റസാഖ് എംഎല്‍എയ്ക്കും കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനും വേണ്ടിയാണെന്നും മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാരാട്ട് ഫൈസലിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയിട്ടുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular