ഡല്‍ഹിയ്ക്ക് ടോസ്; ഫീല്‍ഡിങ് തിരഞ്ഞെടുത്തു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഡല്‍ഹി നിരയില്‍ പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെയും ഡാനിയല്‍ സാംസിനു പകരം ആന്റിച് നോര്‍ജെയും ഇടംപിടിച്ചു. കൊല്‍ക്കത്ത നിരയില്‍ രണ്ടു മാറ്റങ്ങവുണ്ട്. ടോം ബാന്റനു പകരം സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവിനു പകരം കംലേഷ് നാഗര്‍കോട്ടിയും ടീമിലെത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ്: അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംമ്രോണ്‍ ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആന്റിച് നോര്‍ജെ, തുഷാര്‍ ദേശ്പാണ്ഡെ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, പാറ്റ് കമിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, കംലേഷ് നാഗര്‍കോട്ടി, പ്രാസിദ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി

ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍നിന്ന് അഞ്ച് വീതം വിജയങ്ങളും തോല്‍വിയും സഹിതം 10 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഈ സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന് കൊല്‍ക്കത്ത നായകന്‍ ഒയിന്‍ മോര്‍ഗന് വ്യക്തമായി അറിയാം. കാരണം, അഞ്ച് മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഒരേയൊരു വിജയം അകലെ നില്‍പ്പുണ്ട്. ഈ ടീമുകള്‍ക്കെല്ലാം എട്ടു പോയിന്റ് വീതമുണ്ടെന്ന് ചുരുക്കും. അതുകൊണ്ടുതന്നെ, ഇനിയുള്ള നാലു കളികളിലെ ഓരോ തോല്‍വിയും പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായേക്കാം.

മറുവശത്ത്, ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഡല്‍ഹി. കഴിഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് അവര്‍. മുംബൈ ഇന്ത്യന്‍സാണ് ഒന്നാമതെങ്കിലും അത് സാങ്കേതികമായി മാത്രമാണ്. അതായത് റണ്‍റേറ്റിന്റെ മാത്രം മികവിലാണെന്ന് ചുരുക്കം. ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ഡല്‍ഹിക്ക് അവസരുമുണ്ട്

ഐപിഎല്‍ ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേട്ടത്തിനു പിന്നാലെ അടുത്ത സെഞ്ചുറി കൂടി കണ്ടെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മിന്നും ഫോമാണ് ഡല്‍ഹിയുടെ പ്രധാന പ്ലസ് പോയിന്റ്. പൃഥ്വി ഷാ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയെക്കുറിച്ച് ആശങ്കപ്പെടാനില്ല. അക്‌സര്‍ പട്ടേലും ബാറ്റുകൊണ്ട് കരുത്തു കാട്ടിക്കഴിഞ്ഞു. ബോളിങ്ങില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഏറെ മുന്നിലുള്ള കഗീസോ റബാദയും ഡല്‍ഹിക്ക് കരുത്തു പകരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ നേതൃത്വം നല്‍കുന്ന സ്പിന്‍ വിഭാഗവും കരുത്തര്‍. പ്രധാന ബോളര്‍മാര്‍ക്ക് ഒരു മത്സരത്തില്‍ വിശ്രമം അനുവദിക്കാന്‍ മാത്രം കരുത്തരാണ് ഡല്‍ഹിയുടെ ബോളിങ് നിര.

പ്രമുഖ താരങ്ങളുടെ പരുക്കാണ് കൊല്‍ക്കത്തയെ വലയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതിനിടെ പരുക്കുമൂലം പുറത്തിരിക്കുകയും ചെയ്തു. രാഹുല്‍ ത്രിപാഠി ഒരു മത്സരത്തില്‍ മാത്രമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. വണ്‍ഡൗണായെത്തുന്ന നിതീഷ് റാണയുടെ ശരാശരി 18 മാത്രം. ഇടയ്ക്ക് അവസരം നല്‍കിയ ടോം ബാന്റനും നിരാശപ്പെടുത്തി. ബോളിങ്ങില്‍ പാറ്റ് കമിന്‍സിന് വിക്കറ്റെടുക്കാന്‍ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്പിന്‍ വിഭാഗത്തില്‍ പ്രധാന പ്രതീക്ഷയായിരുന്ന കുല്‍ദീപ് യാദവും നിരാശപ്പെടുത്തുന്നു. ലോക്കി ഫെര്‍ഗൂസന്റെ വരവാണ് പ്രതീക്ഷ പകരുന്ന ഘടകം

pathram:
Leave a Comment