യാത്രക്കാരില്ല നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ യാത്രക്കാരില്ലാത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിരക്കു കുറയ്ക്കുന്നു. സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡിനു മുന്‍പുള്ള നിരക്കിലേക്കു കുറയ്ക്കും. ഇതിന് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നിരക്ക് കുറയ്ക്കുന്നതിനു മന്ത്രിസഭയുടെ അനുമതി വേണ്ട.

യാത്രക്കാര്‍ കൂടിയാല്‍ ഫാസ്റ്റ് ഉള്‍പ്പെടെ മറ്റു സര്‍വീസുകളിലും പഴയ നിരക്ക് ഏര്‍പ്പെടുത്തും. സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 2530% വര്‍ധനയാണ് കോവിഡിനെ തുടര്‍ന്നുണ്ടായത്. സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സ്‌കാനിയ, എസി, ഹൈടെക്, സൂപ്പര്‍ ഡീലക്‌സ്, വോള്‍വോ, ലോ ഫ്‌ലോര്‍ ബസുകളാണ് ഈ ഗണത്തില്‍പ്പെടുന്നത്.

മറ്റു സര്‍വീസുകള്‍ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് എട്ടിനു പകരം10 രൂപയാക്കി.

ആവശ്യത്തിനു ദീര്‍ഘദൂര ബസുകള്‍ ഓടിക്കുന്നുണ്ടെങ്കിലും യാത്രക്കാരില്ല. എന്നാല്‍ സമാന്തര സ്വകാര്യ സര്‍വീസുകള്‍ നിര്‍ബാധം ഓടുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിനങ്ങളില്‍ ബസുകളില്‍ പകുതി യാത്രക്കാരെ പോലും കിട്ടുന്നില്ല.

യാത്രക്കാര്‍ കുറവായതിനാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ടു നല്‍കുന്നതു കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പരീക്ഷണമാണ് നടത്തുന്നതെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 324 കോടിക്ക് 1000 ബസ് വാങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നാലര വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ആകെ 360 ബസുകളാണ് വാങ്ങാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. കാലാവധി കഴിഞ്ഞതിനാല്‍ 2 കൊല്ലത്തിനിടെ 2000 ബസുകള്‍ ഒഴിവാക്കേണ്ടിവരും. ഇതില്‍ 300 ബസുകള്‍ ഇപ്പോള്‍ തന്നെ ഓടുന്ന അവസ്ഥയിലല്ല. കൂടുതല്‍ ബസുകള്‍ വാങ്ങിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ബസ് വാടകയ്‌ക്കെടുത്തെങ്കിലും കരാറിലെ ന്യൂനത മൂലം നഷ്ടത്തിലായി.

FOLLOW US PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular