കോവിഡ് ചികില്‍സാ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഗുരുതര അനാസ്ഥയെ തുടർന്ന് വയോധികന്‍റെ മൃതദേഹം തിരിച്ചറിയാതെ മോർച്ചറിയിൽ കിടന്നത് അഞ്ചു ദിവസം. മരണവിവരം അറിയാതെ മകൻ അച്ഛന് പതിവായി ആഹാരവും വസ്ത്രവും കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ച് നൽകിയിരുന്നു. പത്തനാപുരം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ഗുരുതര മനുഷ്യാവകാശ ലംഘനത്തിന്‍റെ ഇരകൾ.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് 82 വയസുകാരനായ സുലൈമാന്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകിരച്ചത്.പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നുവെന്നാണ് ആരോഗ്യ പ്രവർത്തകർ അറിയിച്ചത്. പിന്നാലെ ബന്ധുക്കൾ നേരിട്ട് പാരിപ്പള്ളിയിലെത്തിയെങ്കിലും സുലൈമാന്‍ കുഞ്ഞിനെ അവിടെ പ്രവേശിപ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഇവർ സ്വയം നടത്തിയ അന്വേഷണത്തിൽ എൺപത്തിരണ്ടുകാരൻ കൊല്ലത്തെ ഒരു CFLTC യിൽ ഉണ്ടെന്ന് കണ്ടെത്തി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പാരിപ്പള്ളിയിലേക്ക് മാറ്റിയെന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ആരോഗ്യ വകുപ്പിൽ നിന്നു വിളിച്ചു അറിയിച്ചു. സുലൈമാനായി എല്ലാ ദിവസവും മകന്‍ നൗഷാദ് എത്തിച്ചിരുന്ന ആഹാരവും വസ്ത്രവുമെല്ലാം ആശുപത്രി അധികൃതര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. ഒടുവില്‍ ഈ മാസം 16ന് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം രോഗമുക്തനായ പിതാവിനെ കൂട്ടിക്കൊണ്ടു പോകാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ മാത്രമാണ് ചികില്‍സയിലുണ്ടായിരുന്നത് സുലൈമാന്‍ എന്നു പേരുളള മറ്റൊരാളാണെന്ന് അറിഞ്ഞത്. കുടുംബം ബഹളം വച്ചതോടെ നാലു മണിക്കൂര്‍ നേരം നീണ്ട അന്വേഷണത്തിനൊടുവില്‍ സുലൈമാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ മാസം 13ന് മരിച്ചെന്നും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണെന്നും വ്യക്തമായി.
തലവൂര്‍ എന്ന സുലൈമാന്‍റെ സ്ഥലപ്പേര് തൈക്കാവൂര്‍ എന്നു രേഖപ്പെടുത്തിയതാണ് അബദ്ധത്തിന് കാരണമെന്നാണ് വിശദീകരണം. ഗുരുതര വീഴ്ച വരുത്തിയിട്ടും ലാഘവത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രശ്നം കൈകാര്യം ചെയ്തതെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്.