സേലം: പത്തനംതിട്ട നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജൂവലറിയില്‍ നിന്ന് നാലരക്കിലോയിലധികം സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. സേലത്ത് വെച്ചാണ് കവര്‍ച്ച സംഘത്തിലെ നാല് പേര്‍ പിടിയിലായത്. അതേ സമയം സ്വര്‍ണ്ണവും പണവുമായി സംഘത്തിലെ ഒരാള്‍ കടന്നു കളഞ്ഞു. സേലത്ത് വാഹനപരിശോധനക്കിടെയാണ് നാല് പേര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സേലം പോലീസിന്റെ കസ്റ്റഡിയിലാണ് ഇവരുള്ളത്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്ക് തിരിച്ചിട്ടുണ്ട്.
മുത്താരമ്മന്‍ കോവിലിനുസമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജൂവലറിയിലാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ കവര്‍ച്ച നടന്നത്. മോഷണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജൂവലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് ഞായറാഴ്ച തന്നെ പിടികൂടിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റൊരുവാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
മോഷണസംഘത്തിനൊപ്പംപോയ ഇയാളെ വൈകീട്ട് ഏഴോടെ കോഴഞ്ചേരിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, മോഷണസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ച് അവശനാക്കി കോഴഞ്ചേരിയില്‍ ഇറക്കിവിട്ടെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്.15 ദിവസം മുന്‍പാണ് അക്ഷയ് ജൂവലറിയില്‍ ജോലിക്കെത്തിയത്.
ഞായറാഴ്ച അവധി ആയതിനാല്‍ കട തുറന്നിരുന്നില്ല. ഉടമസ്ഥനായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് മറ്റൊരു ഇടപാടുകാരനുവേണ്ടി ജീവനക്കാരനായ സന്തോഷും അക്ഷയും ചേര്‍ന്ന് ജൂവലറി തുറന്നു. അധികം കഴിയും മുന്‍പ് മറാത്തി സംസാരിക്കുന്ന നാലംഗസംഘം ജൂവലറിയിലെത്തി. ലോക്കര്‍ ഇരിക്കുന്ന ഭാഗത്തേക്ക് കയറിയ സന്തോഷിനുപിന്നാലെ ഇവരും ബലമായി അകത്തേക്കുകടന്നു. അക്ഷയും ഈസമയത്ത് ലോക്കര്‍മുറിയിലുണ്ടായിരുന്നു. അകത്തുകടന്ന സംഘം സന്തോഷിനെ മര്‍ദിച്ചശേഷം കൈകാലുകള്‍ കെട്ടിയിട്ടു. വായില്‍ തുണിതിരുകിയശേഷം ലോക്കറിലിരുന്ന സ്വര്‍ണവും പണവും സംഘം കൈയില്‍ കരുതിയിരുന്ന ബാഗിനുള്ളിലാക്കി. ഈ സമയം സ്വര്‍ണം വാങ്ങാനെത്തിയ ഇടപാടുകാരെക്കണ്ട അക്ഷയ് ലോക്കര്‍മുറിയില്‍നിന്ന് ഇറങ്ങിവന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ പെരുമാറി. അവര്‍ ആവശ്യപ്പെട്ട സ്വര്‍ണം നല്‍കുകയും ചെയ്തു. ഇതിനിടയില്‍, പുറത്തേക്കുവന്ന കവര്‍ച്ചസംഘത്തിനൊപ്പം അക്ഷയും വേഗം കടയില്‍നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറിപ്പോയി. അല്പസമയത്തിനുശേഷം ചോരയൊലിപ്പിച്ചിറങ്ങിവരുന്ന സന്തോഷിനെക്കണ്ട് ഇടപാടുകാര്‍ ഭയന്ന് പുറത്തേക്കോടി. ഇതോടെയാണ് മോഷണം പുറത്തറിയുന്നത്.
ജൂവലറിയിലെ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കും ഊരിക്കൊണ്ടാണ് കവര്‍ച്ചസംഘം പോയത്. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം കാത്തുകിടന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബരവാഹനത്തിലാണ് ഇവര്‍ കയറിപ്പോയതെന്നാണ് ഓട്ടോറിക്ഷക്കാരന്‍ നല്‍കിയ വിവരം.