സോപ്പോ, സാനിറ്റൈസറോ ഒന്നും ഉപയോഗിക്കാത്ത പക്ഷം 9 മണിക്കൂറിലധികം കൊറോണ വൈറസിന് മനുഷ്യന്റെ തൊലിപ്പുറത്ത് അതിജീവിക്കാനാകുമെന്ന് പഠനങ്ങള്‍. കൈകളുടെ ശുചിത്വം കോവിഡ് പ്രതിരോധത്തിന് എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ക്ലിനിക്കല്‍ ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം.
വോളന്റിയര്‍മാര്‍ക്ക് അണുബാധയുണ്ടാകുന്നത് തടയാന്‍ മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ച്ചറല്‍യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് പഠനത്തിനായി മൃതദേഹങ്ങളില്‍ നിന്ന് ചര്‍മ സാംപിളുകള്‍ ശേഖരിച്ചത്.
ഇന്‍ഫ്‌ളുവന്‍സ എ വൈറസിന് മനുഷ്യ ചര്‍മത്തില്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമേ ജീവിക്കാനാകൂ. അതേ സമയം കൊറോണ വൈറസിന് ഇത് 9 മണിക്കൂര്‍ നാലു മിനിറ്റാണെന്ന് പഠനത്തില്‍ തെളിഞ്ഞു. ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തെത്തുന്ന വൈറസ് കണികകളോട് സാദൃശ്യം പുലര്‍ത്താന്‍ വൈറസുകളെ കഫം പോലെയുള്ള വസ്തുവുമായി കലര്‍ത്തി ചര്‍മത്തില്‍ തേച്ചപ്പോള്‍ ഇവയ്ക്ക് 11 മണിക്കൂര്‍ വരെ നിലനില്‍ക്കാന്‍ സാധിച്ചു. എന്നാല്‍ ഈ രണ്ടു വൈറസുകളും 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിര്‍വീര്യമാകുമെന്നും പഠനത്തില്‍ കണ്ടെത്തി.
കൊറോണ വൈറസിനെ തുരുത്താന്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്റെ ഉപയോഗമോ, 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ചുള്ള കൈ കഴുകലോ ആണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
കൊറോണ വൈറസിന് ചെമ്പ് പ്രതലങ്ങളില്‍ 4 മണിക്കൂറും, കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലെസ് സ്റ്റീലിലും 72 മണിക്കൂറും വരെ നിലനില്‍ക്കാനാകുമെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് മനുഷ്യ ചര്‍മത്തില്‍ നിലനില്‍ക്കാനുള്ള വൈറസിന്റെ ശേഷി പരീക്ഷിക്കപ്പെടുന്നത്.