കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടല്‍ തുരങ്കം തകര്‍ക്കുമെന്ന് ചൈന. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ ആദ്യം തകര്‍ക്കുക ഈ തുരങ്കമായിരിക്കുമെന്നാണ് ചൈന ഭീഷണിപ്പെടുത്തുന്നത്. ചൈനാ അതിര്‍ത്തിയിലേയ്ക്ക് സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്‍കാന്‍ ഉതകുന്നതാണ് ഈ തുരങ്കം.
വാജ്പേയിയുടെ സ്മരണാര്‍ഥമുള്ള തുരങ്കം ചൈനയ്ക്ക് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഇത്തരത്തിലൊരു ഭീഷണി പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ ‘അടല്‍’
സമുദ്രനിരപ്പില്‍നിന്നു 10,000 അടി ഉയരത്തിലാണ്. തുരങ്കത്തിന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ലേ(ലഡാക്ക്)യിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കാന്‍ കഴിയും എന്നത് ശരിയാണ്. ഈ തുരങ്കം ഇന്ത്യന്‍ സൈനികരെ യുദ്ധകാലത്ത് വളരെയധികം സഹായിക്കും.
എങ്കിലും ഒരു യുദ്ധസമയത്ത്, പ്രത്യേകിച്ചും ഇന്ത്യയും ചൈനയും തമ്മില്‍ സായുധ സംഘട്ടനം ഉണ്ടായാല്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഈ തുരങ്കത്തെ തകര്‍ക്കാനും സേവനയോഗ്യമല്ലാതാക്കാനും കഴിയും. അതും ഇന്ത്യ മനസ്സിലാക്കണം- ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പു നല്‍കുന്നു.
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിനു 9.02 മീറ്ററാണ് വീതി. ഇതില്‍ ഓരോ മീറ്റര്‍ കാല്‍നടപ്പാത രണ്ടു വശങ്ങളിലും നല്‍കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും സി.സി ടി.വി കാമറകളും ഓരോ 500 മീറ്റര്‍ പിന്നിടുമ്പോഴും എമര്‍ജന്‍സി എക്സിറ്റുമുണ്ട്.