കൊറോണ വൈറസ് ബാധ പുരുഷന്മാരിലെ ടെസ്റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ തോത് കുറയ്ക്കുമെന്നും ലൈംഗിക തൃഷ്ണ നഷ്ടപ്പെടുത്താമെന്നും പഠനം. തുര്‍ക്കിയിലെ മെര്‍സിന്‍ സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
ടെസ്റ്റോസ്‌റ്റെറോണ്‍ തോത് കുറയുന്നത് ശ്വാസകോശ അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഏജിങ്ങ് മെയില്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പുരുഷന്മാരിലെ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധ സംവിധാനവുമായി ടെസ്റ്റോസ്‌റ്റെറോണ്‍ ബന്ധപ്പെട്ട് കിടക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് ഇവയുടെ തോത് കുറയുന്നത് ശ്വാസകോശ അണുബാധയുടെ സാധ്യത ഉയര്‍ത്തുന്നത്.
ടെസ്റ്റോസ്‌റ്റെറോണ്‍ തോത് കുറയുന്നത് കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനവും മരണവുമായും ബന്ധപ്പെട്ട് കിടക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ സെലാഹിറ്റിന്‍ സയാന്‍ പറയുന്നു.
438 രോഗികളെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇവരില്‍ 232 പുരുഷന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ വീണ്ടും മൂന്നു ഗ്രൂപ്പായി തിരിച്ചു. 46 പേര്‍ രോഗലക്ഷണങ്ങളില്ലാത്തവരും 29 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളും 46 പേര്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്.
കോവിഡ് തീവ്രത ഉയരുന്നതോടൊപ്പം ഈ രോഗികളിലെ ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറയുന്നതായി പഠനം വെളിപ്പെടുത്തി. ശരീരം ആവശ്യത്തിന് ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉത്പാദിപ്പിക്കാത്ത ഹൈപോഗൊണാഡിസം 51.1 ശതമാനം പുരുഷ രോഗികളില്‍ കാണപ്പെട്ടു.
മരണപ്പെട്ട രോഗികളിലെ ടെസ്റ്റോസ്റ്റെറോണ്‍ തോത് ജീവിച്ചിരിക്കുന്ന രോഗികളെക്കാല്‍ കുറവായിരുന്നു. അതേ സമയം രോഗലക്ഷണങ്ങളില്ലാത്ത 46 കോവിഡ് രോഗികളില്‍ 65.2 ശതമാനം പേരും ലൈംഗിക തൃഷ്ണ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ2 എന്‍സൈമുകളും ടെസ്റ്റോസ്‌റ്റെറോണ്‍ തോതും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭാവി പഠനങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.