ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു; ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ല; പള്ളി പൊളിക്കുന്നത്‌ തടയാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്ന് കോടതി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.

സംഭവസമയത്ത് നിരവധി ആള്‍ക്കാരുണ്ടായിരുന്നു. ആക്രമിച്ചത് നേരത്തെ ആസൂത്രണം ചെയ്തല്ലെന്നും പള്ളി പൊളിക്കാന്‍ ആള്‍ക്കാര്‍ ഓടിക്കയറിയപ്പോള്‍ നേതാക്കള്‍ തടയാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. കേസില്‍ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്.

വിധി പ്രസ്താവനയോടനുബന്ധിച്ച് കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. 26പേരും കോടതിയില്‍ ഹാജരായി. വിനയ് കത്യാര്‍, ലല്ലുസിങ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണ് ഹാജരായത്. ആറു പ്രതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാം. എല്‍.കെ.അഡ്വാനി, എം.എം.ജോഷി, ഉമ ഭാരതി എന്നിവര്‍ക്ക് അനുമതിയിരുന്നു.

കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമങ്ങളെ നിയന്ത്രിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പ്രതികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. ശിക്ഷ വിധിക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രതികളില്‍ ഒരാളായ റാംജി ഗുപ്ത പറഞ്ഞു.

പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറയുക. അഡ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍,കല്യാണ്‍ സിങ്, ഉമ ഭാരതി തുടങ്ങിയ 32 പ്രതികള്‍. ആയിരത്തിലേറെ സാക്ഷികളില്‍ 351 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പ്രതികള്‍ക്ക് വേണ്ടി സാക്ഷികളൊന്നും ഹാജരായില്ല. പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിനാല്‍ ഉമാഭാരതിക്ക് ഹാജരാകാനാകില്ല. പ്രായം, അസുഖം, കോവിഡ് ഭീഷണി തുടങ്ങിയവ കണക്കിലെടുത്ത് നേതാക്കളില്‍ പലരും ഹാജരായില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം, കലാപമുണ്ടാക്കല്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് മുറിവേല്‍പ്പിക്കല്‍, അരാധാനലയങ്ങളെ അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിധിവരുമ്പോള്‍ 16 പ്രതികള്‍ ജീവനോടെയില്ല

48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. വിനയ് കത്യാര്‍, ധരം ദാസ്, വേദാന്തി, ലല്ലു സിങ്, ചമ്പത്ത് റായ്, പവന്‍ പാണ്ഡേ തുടങ്ങിയവരാണ് കോടതിയില്‍ ഹാജരായത്. മഹന്ത് നിത്യ ഗോപാല്‍ ദാസ്, കല്യാണ്‍ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് വിലക്കി. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ ആറ് പ്രതികള്‍ അനാരോഗ്യം ചൂണ്ടികാട്ടി കോടതിയില്‍ ഹാജരായില്ല. കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular