‘മൂക്ക് നോക്കി പെണ്ണിന്റെ സ്വഭാവം പറയും

കോട്ടയം:അശ്ലീല പരാമർശവി‍ഡിയോ വിവാദം തുടരുന്നതിനിടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേരിൽ യൂട്യൂബ് വിഡിയോ ചെയ്തിരുന്ന വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാല എന്താണ് സൈക്കോളജിയെന്നും സൈക്കോളജിസ്റ്റെന്നും വിശദമാക്കുകയാണ് സൈക്കോളജിസ്റ്റ് ദീപ മേരി തോമസ്.

ദീപ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം:

വിജയ് പി. നായർ എന്നൊരാൾ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്.
ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരു പാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്പെഷ്യലൈസേഷൻ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാൻ പറ്റുന്നതും കാണാൻ പറ്റാത്തതുമായ കുറേ കാര്യങ്ങൾ അളന്ന് സ്ത്രീകൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കലാണ്.
വേറെ ചിലരുടെ സ്പെഷ്യലൈസേഷൻ പ്രേമത്തിലാണ്. പിണങ്ങിപ്പോയ കാമുകനെ/ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാർന്ന രീതികൾ, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകർഷിച്ച് പ്രേമിപ്പിക്കാനുള്ള ടിപ്സ്. പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്. അവര് ബുദ്ധിമാന്ദ്യം, Autism, സെറിബ്രൽ പാൾസി പോലുള്ളതെല്ലാം കൗൺസലിങ് നൽകി ചികിത്സിച്ചങ്ങ് മാറ്റിക്കളയും. സൈക്കോളജി എന്നെഴുതാൻ അറിയാത്തവർ മുതൽ ഏതെങ്കിലും പേരോർത്തെടുക്കാൻ പറ്റാത്ത യൂണിവേഴ്സിറ്റികളിൽ നിന്ന് തപാൽ വഴി മൂന്നു മണിക്കൂർ മുതൽ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.
ഇത്തരം വ്യാജ മനശാസ്ത്രജ്ഞർക്കെതിരേ പലരീതിയിൽ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയില്ല. അതുകൊണ്ട് നിലവിൽ മാനസികാരോഗ്യ സേവനങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുക.

കൗൺസലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടൽ, പുതപ്പ് പുതയ്ക്കൽ, സ്വന്തമായി യുട്യൂബ് ചാനൽ, വായിൽ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്നോ, തെറാപ്പിസ്റ്റെന്നോ, സൈക്കോളജിക്കൽ കൗൺസിലർ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട് (വെറൈറ്റി പേരുകൾ വേറെയുമുണ്ട് ) അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുക, പഠിച്ച സ്ഥാപനത്തെക്കുറിച്ച് ചോദിക്കുക. പേരോർമയില്ലാത്ത സ്ഥാപനമോ , ഭൂപടത്തിൽ ഇല്ലാത്ത സർവ്വകലാശാലയോ ഒക്കെ ആണേൽ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.

മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച് കൗൺസിലർ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഇനി കാണാൻ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും.

മാനസികാരോഗ്യ മേഖലയിലെ പ്രൊഫഷണൽ സർവ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രൊഫഷണൽസിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

1. സൈക്യാട്രിസ്റ്റ്‌: മെഡിക്കൽ ബിരുദവും സൈക്യാട്രിയിലുള്ള PG ബിരുദമോ , ഡിപ്ലോമയോ.
2 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള മനശ്ശാസ്ത്രത്തിലെ പി.ജി ബിരുദം. RC I അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിയിലെ MPhil / അല്ലെങ്കിൽ Psy D. R CI അംഗീകാരമുള്ള PDCP കോഴ്സുകൾ കഴിഞ്ഞ അസോസിയേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ
3. സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ് : MSW, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സൈക്യാട്രിക് സോഷ്യൽ വർക്കിലെ MPhil.
4. ഗവ: അംഗീകൃത ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ ചികിത്സാ എന്നിവയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർ

5. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് : അംഗീകൃത സർവ്വകലാശാലകളിൽ നിന്നും മനശ്ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം.

അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ ഈ കൗൺസിലിംഗ് എന്ന കാര്യം കൊടുക്കാൻ ചുരുങ്ങിയത് 5 കൊല്ലം പഠിക്കണം. അതിനു പുറമെ പരിശീലനം വേറേം വേണം.

ഇനി മന:ശ്ശാസ്ത്ര വിദ്യാർത്ഥികളോട്, നാടു മൊത്തം വ്യാജൻമാരാണേന്ന് പറഞ്ഞ് കരയാതെ അവനവന്റെ സ്കില്ലും കോംപീറ്റൻസിയും വളർത്തി ക്വാളിറ്റി സർവീസു നൽകുക.

ഇനി ആദ്യം പറഞ്ഞ കാറ്റഗറി വിദഗ്ധരുടെ വീഡിയോകൾ കാണുന്ന, അന്ധമായി വിശ്വസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളോട്, എത്രയും പെട്ടന്ന് ശരിയായ പ്രഫഷണലുകളെ കാണുക. വേണ്ട സഹായം സ്വീകരിക്കുക.

Deepa Mary Thomas
( മന:ശ്ശാസ്ത്രത്തിലെ മൂന്നു കൊല്ലത്തെ ഡിഗ്രിയും, രണ്ടു കൊല്ലത്തെ പി.ജിയും ഒരു വർഷത്തെ എം.ഫിലും പൂർത്തിയാക്കി ഇപ്പോൾ രണ്ടാം വർഷ PhD ചെയ്യുന്ന സൈക്കോളജിസ്റ്റ്. പഠിച്ച യൂണിവേഴ്സിറ്റിയുടെ പേരറിയാം.)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7