വിദേശത്ത് നിന്ന് വരുന്ന സംഭാവന കേരളത്തിൽ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് ബിജെപിയുടെ ആരോപണം. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി സംബന്ധിച്ച ചർച്ചയിലാണ് ബിജെപി എംപി അരുൺ സിംഗ് ഇക്കാര്യം ആരോപിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ബില്ല് ലോക്സഭയിൽ പാസ്സായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇത് രാജ്യസഭയിൽ ചർച്ചയ്ക്കെടുത്തത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു ചർച്ച. ബിജെപിയുടെ ചില അംഗങ്ങളും അണ്ണാ ഡിഎംകെയുടെ ഒരംഗവും മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതിനിടെയാണ് കേരളത്തിനെതിരെ ആരോപണം ഉയർന്നത്. കേരളത്തിലെ ചില സന്നദ്ധ സംഘടനകൾ വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്നു. അതു കഴിഞ്ഞ് ആ സഹായത്തിന്റെ ഭൂരിഭാഗവും മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് അരുൺ സിംഗ് ആരോപിച്ചത്.
വിദേശത്തു നിന്ന് സംഭാവന വരുമ്പോൾ സന്നദ്ധ സംഘടനകൾ സ്വീകരിക്കുകയാണെങ്കിൽ അതിന്റെ 20 ശതമാനം മാത്രമേ അവരുടെ ചെലവുകൾക്കായി ഉപയോഗിക്കാൻ കഴിയൂ എന്നതാണ് ഇന്ന് പാസ്സായ നിയമഭേദഗതിയിലെ പ്രധാന കാര്യം. ബാക്കി തുക സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. സന്നദ്ധ സംഘടനകൾ അവരുടെ ചെലവ് എന്ന പേരിൽ തുക മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് അരുൺ സിംഗിന്റെ ആരോപണം.