തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14ന് തുറക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ കടത്തൂ. 5 പേരുടെ ടീമായി തിരിച്ചാകും ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുക.
ശബരിമലയില്‍ ഒരു മണിക്കൂറില്‍ 200 പേരുടെ റജിസ്‌ട്രേഷന്‍ നടത്തും. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയും ദര്‍ശനം ഉണ്ടാകും. ഒരു സമയം 50 പേര്‍ മാത്രമേ തിരുമുറ്റത്ത് ഉണ്ടാകൂ. ബാക്കിയുള്ളവര്‍ ക്യൂവില്‍ ശാരീരിക അകലം പാലിച്ചു നില്‍ക്കണം. 10 വയസ്സിനു താഴെയുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും റജിസ്‌ട്രേഷന്‍ നടത്താനാകില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്തര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. വിവിഐപി ദര്‍ശനവും താമസസൗകര്യവും ഉണ്ടാകില്ല. 11 മണിക്ക് ദര്‍ശനം കഴിഞ്ഞാല്‍ മല ഇറങ്ങണം.
കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പമ്പവരെ യാത്രാ അനുമതി ഉണ്ടാകും. മഴ അനുസരിച്ച് ഈ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഭക്തര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ പാസിനു പുറമേ രണ്ടു ദിവസം മുന്‍പ് ഐസിഎംആര്‍ അംഗീകാരമുള്ള ലാബിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്?ലോഡ് ചെയ്യണം. കൊടിയേറ്റും ആറാട്ടും ചടങ്ങ് മാത്രമായി നടത്തും. നെയ്യഭിഷേകം ഉണ്ടാകും. ഭക്തര്‍ക്ക് ചൂട് കഞ്ഞി പാളപാത്രത്തില്‍ നല്‍കും. മെഡിക്കല്‍ സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാകും. അപ്പവും അരവണയും ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സന്നിധാനത്ത് നല്‍കും. വില്‍പന ഉണ്ടാകില്ല. വണ്ടിപെരിയാര്‍ വഴി എത്തുന്നവര്‍ക്ക് ദര്‍ശനം നടത്താനാകില്ല.
ഗുരുവായൂരില്‍ ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. മണിക്കൂറില്‍ 150 പേര്‍. രാവിലെ 9.30 മുല്‍ 1.30 വരെയാണ് ദര്‍ശനം. വിഐപി ദര്‍ശനം ഉണ്ടാകില്ല. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം നല്‍കും. ബാച്ചായി ദര്‍ശനം നടത്താം. ഓരോ ബാച്ചിലും 50 പേര്‍. ഒരു മണിക്കൂറില്‍ 3 ബാച്ചിനെ കടത്തിവിടും. ഭക്തര്‍ ശാരീരിക അകലം കൃത്യമായി പാലിക്കണം. ക്ഷേത്രത്തിനുള്ളിലെ ഗ്രില്ലുകള്‍ സാനിറ്റൈസ് ചെയ്യും. ജീവനക്കാരും ഭക്തരും മാസ്‌ക് ധരിക്കണം.
പ്രസാദവും തീര്‍ഥവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം പരമാവധി 60 വിവാഹത്തിന് അനുമതി നല്‍കും. രാവിലെ 5 മണി മുതല്‍ 1.30വരെയായിരിക്കും വിവാഹത്തിന്റെ സമയം. റജിസ്‌ട്രേഷന്റെ സമയം അനുസരിച്ച് വിവാഹ സമയം ക്രമീകരിക്കും. ഒരു കല്യാണത്തിന് 10 മിനിട്ട് സമയം നല്‍കും. വരനും വധുവും ഉള്‍പ്പെടെ 10 പേര്‍ക്ക് പങ്കെടുക്കാം. കല്യാണത്തിനെത്തുന്ന സംഘങ്ങള്‍ക്ക് മേപ്പത്തൂര്‍ ഭട്ടതിരി ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. കല്യാണ സമയത്തിന് അരമണിക്കൂര്‍ മുന്‍പ് മേപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തണം. മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.