ആഴ്ചകളോളമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും അതിർത്തിയിലെ പിരിമുറുക്കം അവസാനിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ആറ് പുതിയ പ്രധാന അതിർത്തി താവളങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെക്കാൾ മുൻതൂക്കം നേടുകയും എൽഎസിക്ക് സമീപമുള്ള 6 പ്രധാന താവളങ്ങൾ പിടിച്ചെടുത്തു എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എഎൻഐ റിപ്പോർട്ടുകൾ പ്രകാരം, ‘ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ വരെ ആറ് പുതിയ താവളങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം നീക്കം ശക്തമാക്കിയിരുന്നു. ഗുരുങ് ഹിൽ, റിച്ചൻ ലാ, റെജാങ് ലാ, മുഖർപാരി, ഫിംഗർ 4 എന്നിവയോട് ചേർന്നുള്ള സ്ഥലങ്ങളാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്. എന്നാൽ, ഇവ തിരിച്ചുപിടികൂടാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യവും. എന്നാൽ നീക്കങ്ങൾ ശക്തമാക്കിയതിലൂടെ ഇന്ത്യൻ സൈന്യം അതിർത്തിയിലെ സാന്നിധ്യം വ്യക്തമാക്കി കൊണ്ട് ചൈനീസ് സൈന്യത്തെ മറികടക്കുകയായിരുന്നു.
ഈ താവളങ്ങൾ പിടിച്ചെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തടയുന്നതിനാണ് ചൈനീസ് സൈന്യം മുകളിലേക്ക് വെടിയുതിർത്തതെന്നാണ് വിവരം. വടക്കൻ തീരത്ത് നിന്ന് പംഗാങ് തടാകത്തിന്റെ തെക്ക് ഭാഗത്തേക്ക് മൂന്ന് തവണയാണ് ചൈനീസ് സൈന്യം വെടിവച്ചത്.