തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് കുടുംബവഴക്ക് കത്തിക്കുത്തിലെത്തിയത്. കുത്തേറ്റുവീണ വെട്ടുകാട് സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ ലിജിന്‍ ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഭാര്യാപിതാവായ നിക്കോളാസിനെ രാത്രി തന്നെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. നിക്കോളാസും ലിജിനും തമ്മില്‍ മുന്‍പും പലതവണ വഴക്കുണ്ടായിട്ടുണ്ട്.
കുടുംബപ്രശ്നങ്ങളാണ് പ്രധാന കാരണം. കുടുംബവഴക്കിനെ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ലിജിനും സുഹൃത്തുക്കളും ഈ വീട്ടിലേക്ക് വരികയായിരുന്നു. മക്കളെ കാണണമന്നാവശ്യപ്പെട്ടാണ് എത്തിയത്. മുറ്റത്തേക്ക് ഇറങ്ങിവന്ന നിക്കോളാസുമായി ലിജിന്‍ തര്‍ക്കത്തിലായി.
ലിജിന്‍ മദ്യലഹരിയിലായിരുന്നു. തര്‍ക്കം മൂത്ത് കയ്യാങ്കളിയിലെത്തി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിക്കോളാസ് ലിജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മൂന്നു കുത്തുകള്‍ ലിജിനേറ്റു. കുത്തിയ ശേഷം വീട്ടില്‍ തന്നെ കഴിഞ്ഞ നിക്കോളാസിനെ കസ്റ്റഡിയിലെടുത്ത് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.