കുറ്റ്യാടി: കരിപ്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ സ്വര്‍ണക്കടത്തുസംഘം അതിക്രൂരമായി മര്‍ദിച്ചെന്നു മൊഴി. റിയാസിനെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും സംസാരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്. കൊടുവള്ളി കേന്ദ്രമായ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
തനിക്കു മര്‍ദനമേല്‍ക്കാത്ത ശരീരഭാഗങ്ങളില്ലെന്നാണ് റിയാസിന്റെ മൊഴി. ദേഹമാസകലം ചതവേറ്റിട്ടുണ്ട്. ദുബായിലുളള സുഹൃത്തുക്കളായ അനൂപും നൗഷാദും ചേര്‍ന്ന് സ്വര്‍ണം തട്ടിയെന്ന് തന്നെ പറയിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. മൂന്നു കാറുകളിലെത്തിയ പത്തംഗ സംഘമാണു റിയാസിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം ക്വാറന്റീനില്‍ കഴിയാനായി കക്കാടംപൊയിലിലെ റിസോര്‍ട്ടിലേക്ക് ടാക്‌സി കാറില്‍ പോകുംവഴിയാണ് പിന്തുടര്‍ന്ന് എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
സിസിടിവി ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സ്വര്‍ണമാഫിയ റിയാസിനെ ഉപേക്ഷിച്ചു. കുറ്റ്യാടിക്കടുത്ത കുണ്ടുതോട്ടിലെ വീട്ടിലെത്തിയാണ് പൊലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. യുഎഇയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോലി നഷ്ടമായി വീട്ടിലേക്കുളള മടക്കയാത്രയില്‍ നികുതി അടച്ച് ബില്‍ സഹിതമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് 30,000 രൂപ കമ്മിഷന്‍ നല്‍കാമെന്ന് സ്വര്‍ണമാഫിയ വിശ്വസിപ്പിച്ചു.
എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ രഹസ്യഭാഗങ്ങളില്‍ വയ്ക്കാവുന്ന 3 സ്വര്‍ണ ഉരുളകളാണ് കൈമാറിയത്. കള്ളക്കടത്തു സ്വര്‍ണമാണെന്ന് മനസ്സിലായതോടെ ദുബായിലെ ടാക്‌സി ഡ്രൈവറായ സുഹൃത്ത് നൗഷാദിനെ ഏല്‍പ്പിച്ച് വിമാനം കയറിപ്പോന്നു. കരിപ്പൂരില്‍ റിയാസിനെ കാത്തിരുന്ന സ്വര്‍ണക്കടത്തു സംഘം സ്വര്‍ണ ഉരുളകള്‍ കിട്ടാതായതോടെ പിന്തുടര്‍ന്നെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ റിയാസിന് വിദഗ്ധചികില്‍സ വേണ്ടിവരുമെന്ന് പൊലീസ് പറയുന്നു