കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻ.ഐ.എ. ചോദ്യംചെയ്യും. ദിവസങ്ങൾക്കുമുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയിൽ 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങൾ ഇ.ഡി.യിൽനിന്ന് എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങൾ ഉണ്ടാകും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ബന്ധപ്പെട്ട് എൻ.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവിൽ എൻ.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടിൽനിന്നും ലക്ഷക്കണക്കിനു രൂപ നൽകിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എൻ.ഐ.എ. സംശയിക്കുന്നത്.