അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾക്കൊപ്പം ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിനെ കണ്ടതിനെച്ചൊല്ലി വ്യത്യസ്ത അഭ്യൂഹങ്ങൾ. അബുദാബിയിൽ താമസിക്കുന്ന മുംബൈ ടീമിനൊപ്പമാണ് അർജുൻ തെൻഡുൽക്കറിനെയും കണ്ടത്. മുംബൈ ഇന്ത്യൻസ് താരം രാഹുൽ ചാഹർ ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് മറ്റ് മുംബൈ താരങ്ങൾക്കൊപ്പം നീന്തൽക്കുളത്തിൽ അർജുൻ തെൻഡുൽക്കറും പ്രത്യക്ഷപ്പെട്ടത്.
രാഹുൽ ചാഹറിനു പുറമെ ന്യൂസീൽഡ് താരം ട്രെന്റ് ബോൾട്ട് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് നീന്തൽക്കുളത്തിൽ അർജുൻ തെൻഡുൽക്കറുമുള്ളത്. ഇതോടെ താരത്തിന്റെ സാന്നിധ്യത്തെ ചൊല്ലി ആരാധകർക്കിടയിൽ അഭ്യൂഹങ്ങളും പ്രചരിച്ചു. സച്ചിൻ തെൻഡുൽക്കർ മെന്ററായുള്ള മുംബൈ ടീമിൽ അർജുൻ തെൻഡുൽക്കറിനെയും ഉൾപ്പെടുത്തിയോ എന്നായിരുന്നു ചില ആരാധകരുടെ സംശയം.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ ടീമുകളെല്ലാം തന്നെ പരിശീലനത്തിന് സഹായിക്കുന്ന നെറ്റ് ബോളർമാരെ ഇത്തവണ ഇന്ത്യയിൽനിന്നുതന്നെ ഒപ്പം കൂട്ടുകയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബോളർമാരുടെ സംഘത്തിൽ ഇടംനേടിയാണ് അർജുൻ യുഎഇയിലെത്തിയതെന്നാണ് റിപ്പോർട്ട്.
ഇടംകയ്യൻ പേസ് ബോളറായ അർജുൻ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന വേദികളിൽ നെറ്റ് ബോളറായി പലതവണ ബോൾ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഐപിഎൽ നടക്കുന്ന അവസരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാംപിലെ നെറ്റ് ബോളർമാരുടെ സംഘത്തിൽ സ്ഥിരാംഗമാണ് അർജുൻ. ഈ സാഹചര്യത്തിലാണ് അർജുനെ യുഎഇയിലും മുംബൈ മാനേജ്മെന്റ് കൂടെക്കൂട്ടിയതെന്ന് കരുതുന്നു.
മുംബൈ ക്യാംപിലെ ബോളർമാരിൽ ആർക്കെങ്കിലും പരുക്കേറ്റാൽ പകരക്കാരനായി അർജുനെ ഉൾപ്പെടുത്താനും സാധ്യത അവശേഷിക്കുന്നുണ്ട്. പുതിയ കളിക്കാരനെ ഇന്ത്യയിൽനിന്നോ മറ്റു വിദേശ രാജ്യങ്ങളിൽനിന്നോ യുഎഇയിൽ എത്തിച്ചാൽ ക്വാറന്റീൻ ഉൾപ്പെടെയുള്ള കടമ്പകൾ മുന്നിലുള്ളതിനാൽ, ഇപ്പോൾത്തന്നെ ബയോ സെക്യുർ ബബിളിന്റെ പരിധിയിലുള്ള നെറ്റ് ബോളർമാര്‍ക്കാണ് സാധ്യത കൂടുതൽ. ഈ സാഹചര്യത്തിൽ ഇടംകയ്യൻ ബോളറായ അർജുനും സാധ്യതയുണ്ട്.