വിമാന യാത്രയ്ക്കിടെ കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവ്

കോവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സ്തംഭിച്ച ഗതാഗത മേഖലയാണ് വ്യോമയാനം. എന്നാല്‍ നിലവിലെ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാല്‍ വിമാനയാത്രക്കിടെ കോവിഡ് 19 പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പുതിയ പഠനഫലങ്ങള്‍ കാണിക്കുന്നത്. ജാമ നെറ്റ്‌വര്‍ക്ക് ഓപണ്‍ മെഡിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് ഭീതിയെ തുടര്‍ന്ന് ആഗോളതലത്തില്‍ വ്യോമയാന ഗതാഗതം വലിയ തോതില്‍ കുറഞ്ഞു. രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക കൂടി ചെയ്തതോടെ വിമാന ഗതാഗതം കഴിഞ്ഞ മാസങ്ങളില്‍ പൂര്‍ണമായും തടസപ്പെടുകയോ പേരിന് മാത്രമായി ചുരുങ്ങുകയോ ചെയ്തു. വിമാനയാത്രയിലൂടെ കോവിഡ് പകരുമെന്ന ഭീതി വ്യാപകമാണെങ്കിലും അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ കുറവാണെന്നാണ് പഠനം പറയുന്നത്. മാത്രമല്ല നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്രക്കിടെ സഹയാത്രികരില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടെങ്കില്‍ പോലും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നു.

മാര്‍ച്ച് 31ന് അമേരിക്കയില്‍ നിന്നും തയ്‌വാനിലേക്ക് പോയ 12 യാത്രികര്‍ക്ക് കോവിഡ് ഉണ്ടായിരുന്നു. ആകെ 328 പേരാണ് യാത്രികരായി ഉണ്ടായിരുന്നത്. ഇതറിഞ്ഞ ശേഷം നടത്തിയ പരിശോധനയില്‍ ആര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടെല്‍ അവീവില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് യാത്ര ചെയ്ത രണ്ട് പേര്‍ക്ക് വിമാനത്തില്‍ നിന്നും കോവിഡ് പകര്‍ന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരും വിമാനത്തിലെ ഏറ്റവും പുറകിലെ സീറ്റിലാണ് ഇരുന്നിരുന്നത്. മാത്രമല്ല ഇവര്‍ക്ക് മുന്നിലെ സീറ്റുകളിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് രണ്ടിന് ബ്രിട്ടനില്‍ നിന്നും വിയറ്റ്‌നാമിലേക്ക് പോയ വിമാനത്തിലുണ്ടായിരുന്ന 14 യാത്രക്കാര്‍ക്കും ഒരു വിമാനത്തിലെ ജീവനക്കാരനും കോവിഡ് പകര്‍ന്നിരുന്നു. കോവിഡ് പോസിറ്റീവായിരുന്ന ഒരു യാത്രികനില്‍ നിന്നാണ് രോഗം ഇവരിലേക്കെത്തിയത്. ഇതാണ് ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പകര്‍ത്തിയ സംഭവം. ഈ സമയത്തൊന്നും കാര്യമായ മുന്‍കരുതലുകള്‍ യാത്രികര്‍ എടുത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ആധുനിക യാത്രാ വിമാനങ്ങളില്‍ ഓരോ മൂന്ന് മിനുറ്റ് കഴിയുമ്പോഴും പുതിയ വായു വിമാനത്തിനുള്ളിലേക്ക് കടത്തിവിടുന്നുണ്ട്. മാത്രമല്ല വിമാനങ്ങളില്‍ 99.99 ശതമാനം വായുവും ശുദ്ധീകരിക്കുന്ന എയര്‍ ഫില്‍റ്ററുകളുമുണ്ട്. ഇതിന് പുറമേ വിമാനത്തിലെ ജീവനക്കാരും യാത്രികരും പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് മിക്ക എയര്‍ലൈനുകളും സര്‍വീസ് നടത്തുന്നത്. കൃത്യമായ ഇടവേളകളില്‍ വിമാനങ്ങളുടെ അകം അണുവിമുക്തമാക്കുന്നതും യാത്രികരുടെ ശരീര താപനില പരിശോധിക്കുന്നതുമെല്ലാം സ്വാഭാവികമായിട്ടുണ്ട്.

വിമാനയാത്രക്കിടെ കോവിഡ് പകരാനുള്ള സാധ്യതയെക്കുറിച്ച് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസിലെ പ്രൊഫ. അര്‍ണോള്‍ഡ് ബാര്‍നെറ്റ് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ പഠനം തന്നെ നടത്തിയിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കുകയാണെങ്കില്‍ ഒരു സീറ്റ് പോലും ഒഴിച്ചിടാതെ യാത്ര ചെയ്താല്‍ കോവിഡ് 19 പകരാനുള്ള സാധ്യത 4300ല്‍ ഒന്ന് മാത്രമാണ്. നടുവിലെ സീറ്റ് ഒഴിച്ചിട്ടാല്‍ ഇത് 7700ല്‍ ഒന്ന് മാത്രമായി വീണ്ടും കുറയുകയും ചെയ്യും.

കോവിഡിന്റെ വരവോടെ എല്ലാ യാത്രകളിലും രോഗം പകരാനുള്ള അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്. വിമാനയാത്രയിലും ആ സാധ്യത ഒഴിവാക്കാനാവില്ലെന്ന് മാത്രം. എന്നിരിക്കിലും കോവിഡ് പോസിറ്റീവായ ഒരു രോഗി സഹയാത്രികനായുണ്ടാവുകയും അയാളും നിങ്ങളും ധരിക്കുന്ന മാസ്‌ക് ആവശ്യമായ പരിരക്ഷയുള്ളത് അല്ലാതിരിക്കുകയും ചെയ്താല്‍ രോഗം പകരാന്‍ സാധ്യതയുണ്ടെന്നും പ്രൊഫ. അര്‍ണോള്‍ഡ് ബാര്‍നെറ്റ് ഓര്‍മിപ്പിക്കുന്നു. ഇത്തരം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് സാധ്യതാ പട്ടിക തയ്യാറാക്കിയത്.

വിന്‍ഡോ സീറ്റിലിരിക്കുന്നവരും ഇടനാഴിയിലെ സീറ്റിലിരിക്കുന്നവരും തമ്മില്‍ കോവിഡ് പിടിപെടാനുള്ള സാധ്യതയില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും ബാര്‍നെറ്റ് ഓര്‍മിപ്പിക്കുന്നു. കോവിഡിനെതിരായ പ്രതിരോധം കൂടുതല്‍ ഫലപ്രദമാകാന്‍ വിമാനത്തിലെ നടുവിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന വാദക്കാരനാണ് ബ്രന്നറ്റ്. എന്നാല്‍ സാമ്പത്തികമായി വിമാനകമ്പനികള്‍ക്ക് വലിയ ബാധ്യതയാകുമെന്ന കാരണം ചൂണ്ടിക്കാണിച്ച് നേരത്തെ തന്നെ IATA ഈ നിര്‍ദേശം തള്ളിയിരുന്നു.

മാസ്‌കിനൊപ്പം സുതാര്യമായ മുഖാവരണം കൂടി അധികം ധരിക്കുന്നത് ജൂലൈയില്‍ തന്നെ ഖത്തര്‍ എയര്‍ലൈന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് മറ്റ് എയര്‍ലൈനുകളും ഈ മാതൃക പിന്തുടര്‍ന്നു. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കുമ്പോഴല്ലാതെ ഇത് നിര്‍ബന്ധമാണ്. അതേസമയം, കൂടുതല്‍ സ്ഥല സൗകര്യം ലഭിക്കുന്ന ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്തിനുള്ളില്‍ ഈ അധിക മുഖാവരണം നിര്‍ബന്ധമല്ല. അപ്പോള്‍ പോലും വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും മാസ്‌കിന് പുറത്തെ മുഖാവരണം നിര്‍ബന്ധവുമാണ്. എന്തെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും യാത്രികര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം തോന്നണമെങ്കില്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പോ ഫലപ്രദമായ ചികിത്സയോ വരണമെന്നാണ് ബാര്‍നെറ്റ് അഭിപ്രായപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular