‘ഗാംഗുലിയെ പുറത്താക്കാൻ ഷാറൂഖ് ഖാൻ പറഞ്ഞു

കൊൽ‌ക്കത്ത ടീമുമായുള്ള ഗാംഗുലിയുടെ പ്രശ്നങ്ങളിൽ വർഷങ്ങൾക്കു ശേഷം പ്രതികരിച്ചിരിക്കുകയാണ് മുതിർന്ന ഗായകൻ അഭിജിത് ഭട്ടാചാര്യ. ദാദയോട് ഷാറൂഖ് ഖാൻ മോശമായാണ് പെരുമാറിയതെന്നാണു ഗായകന്റെ ആരോപണം. സൗരവ് ഗാംഗുലിയുടെ മനോവീര്യം കെടുത്തി. ഷാറൂഖ് ഖാൻ കെകെആർ ഉണ്ടാക്കി, ഗാംഗുലിയെ നീക്കി. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം വന്നതെന്നാണു തോന്നുന്നത്. ക്രിക്കറ്റില്‍ ക്യാപ്റ്റന്റെ ചുമതലയെന്താണെന്നു നമുക്ക് കാണിച്ചു തരികയാണു ഗാംഗുലി ചെയ്തത്.

എന്നാൽ ഗ്രെഗ് ചാപ്പലിന്റെയും കിരൺ മോറെയുടെയും താൽപര്യങ്ങൾ അദ്ദേഹത്തിന്റെ മനോവീര്യം കെടുത്തി– ഒരു സ്പോർട്സ്മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

ഗാംഗുലിയെ പുറത്താക്കി മറ്റാരെെയങ്കിലും തിരഞ്ഞെടുക്കാൻ ഷാറൂഖ് പറഞ്ഞതായും ഭട്ടാചാര്യ ആരോപിച്ചു. ഐപിഎൽ കണ്ട് എന്റെ സമയം കളയാറില്ല. എന്നാൽ ഗള്ളി ക്രിക്കറ്റ് കളിക്കാറുണ്ട്. അതിലാണു കൂടുതൽ വിനോദമെന്നും ഭട്ടാചാര്യ വ്യക്തമാക്കി. ഐപിഎൽ കരിയറിൽ 59 മത്സരങ്ങളാണു ഗാംഗുലി കളിച്ചിട്ടുള്ളത്. 1349 റൺസ് ഐപിഎല്ലിൽനിന്ന് നേടി. 2012 ൽ പുണെയിൽ കൊൽക്കത്തയ്ക്കെതിരായിട്ടായിരുന്നു ഗാംഗുലിയുടെ അവസാന ഐപിഎൽ മത്സരം.

ഐപിഎല്ലിന്റെ ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. എന്നാൽ ടീമിന് സെമിയിലെത്താൻ പോലും സാധിച്ചില്ല. ഇതോടെ 2009ൽ ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി. 2011 ലെ താരലേലത്തിനു മുൻപ് കൊൽക്കത്ത ടീമിൽനിന്നും ഗാംഗുലിയെ പുറത്താക്കി. ലേലത്തിൽ ആരും വാങ്ങാതിരുന്ന ഗാംഗുലി ഫാസ്റ്റ് ബോളർ ആശിഷ് നെഹ്റയ്ക്കു പകരക്കാരനായി പുണെ വാരിയേഴ്സ് ഇന്ത്യയിലാണു കളിച്ചത്.

pathram desk 2:
Related Post
Leave a Comment