എട്ടുവർഷം ദമ്പതിമാരായി കഴിഞ്ഞു. എന്നാൽ ഭാര്യ സ്ത്രീയല്ലെന്ന് പുറംലോകം അറിയുന്നത് മരണശേഷം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ. മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലാണ് സംഭവം.
2012ൽ വിവാഹിതരായ ഇരുവരും ഹെറ്ററോസെക്ഷ്വൽ ദമ്പതികളായി കുടുംബത്തിനും അയൽക്കാർക്കും മുന്നിൽ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ടു വർഷത്തിനുശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ദമ്പതികൾ തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു. ഓഗസ്റ്റ് 12ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഭോപാലിലെ ആശുപത്രിയിലേക്കു മാറ്റി. ഓഗസ്റ്റ് 12ന് ഭാര്യ മരിച്ചു. ഭർത്താവ് ഓഗസ്റ്റ് 16നും മരിച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടർമാർ എഴുതി.
എന്നാൽ ഇതേക്കുറിച്ച് കുടുംബത്തോടു ചോദിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതായി സെഹോർ അഡീഷനൽ പൊലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു. ശേഷം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരുന്നു. അത് ലഭിച്ചതോടെ വിവരം ഉറപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സഹോദരനും കുടുംബവും മറ്റൊരിടത്താണ് താമസിച്ചിരുന്നതെന്നും എൽജിബിടി പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നുവെന്നും ജേഷ്ഠൻ പറഞ്ഞു. സുഹൃത്തുക്കളിലൊരാൾ ഗേ ആണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് സഹോദരൻ മറുപടി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment