ഒരു രോഗിയിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; എങ്ങനെയെന്ന് അറിയേണ്ടേ?

അബുദാബി : യുഎഇയിൽ ഒരു കോവിഡ് 19 രോഗിയിൽ നിന്നും രോഗം പടർന്നത് മൂന്നു കുടുംബത്തിലെ 45 പേർക്ക്. ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കോവിഡ് പോസിറ്റീവ് ആയ വ്യക്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അനുസരിക്കാതിരുന്നതുമാണ് രോഗം ഇത്രയും പേരിലേക്ക് പടരാൻ കാരണമായത്.

കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഈ വ്യക്തിയോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതെ ഇദ്ദേഹം ആളുകളുമായി അടുത്ത് ഇടപഴകി. ഇതിന്റെ ഫലമായി ഇയാളുടെ ഭാര്യയ്ക്കും മറ്റു 44 പേർക്കും കോവിഡ് ബാധിച്ചു. ഇവരുടെ കുടുംബത്തിലെ പ്രായംകൂടിയ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തുവെന്ന് യുഎഇ അധികൃതർ അറിയിച്ചു.

ബന്ധുക്കളുമായുള്ള കൂടിച്ചേരലുകൾ നടത്തിയതാണ് ഇത്രയും പേർക്ക് കോവിഡ് വരാൻ കാരണമെന്ന് യുഎഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമീദി പറഞ്ഞു. ‘90 വയസ്സുള്ള ഇവരുടെ ബന്ധുവാണ് കോവിഡ് ബാധിച്ചത് മരിച്ചത്. ഇവർ ലുക്കീമിയ, ഉയർന്ന രക്തസമ്മദർദം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ള ആളായിരുന്നു. അതിനാൽ തന്നെ പ്രതിരോധ ശക്തി വളരെ കുറവും. കോവിഡ് ബാധിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു’–ഡോ. ഒമർ അൽ ഹമീദി വ്യക്തമാക്കി.

‘ഇത്രയും വലിയ രീതിയിൽ രോഗം പടരാൻ കാരണമായത് കുടുംബത്തിലെ കൂടിച്ചേരലുകളാണ്. തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും അവരവരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ ജനങ്ങൾ നിർബന്ധമായും ഒഴിവാക്കണം. കുടുംബാംഗങ്ങളുടെ ജീവൻ വച്ച് ഒരിക്കലും റിസ്ക്ക് എടുക്കരുത്’– ഡോക്ടർ ഒമർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7