ഡോക്റ്റര്‍മാര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍; സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നതും ക്വാറന്റീനില്‍ പോകേണ്ടി വരുന്നതും സംസ്ഥാനത്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ഈ കുറവ് പരിഹരിക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കാനുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ട ഈ ഘട്ടത്തില്‍ നിലവില്‍ ഈ ജോലി ദന്തഡോക്ടര്‍മാരെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പകരം ഈ ചുമതലയിലുള്ള ഡോക്ടര്‍മാരെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം കേരളത്തില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം പ്രധാനമായും വിവാഹവും മാര്‍ക്കറ്റുകളിലൂടെയുമാണെന്ന് ആണ് അഭിപ്രായം ഉയരുന്നത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരാന്‍ പ്രധാനകാരണമായതു വിവാഹച്ചടങ്ങുകളും മാര്‍ക്കറ്റുകളുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ മാര്‍ക്കറ്റുകളിലും വിവാഹച്ചടങ്ങുകളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗതീരുമാനം. തിരുവനന്തപുരത്തെ കുമരിചന്തയും കാസര്‍ഗോഡ് ചെങ്കളയിലെ വിവാഹച്ചടങ്ങുമാണു സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നാണ് ഉന്നതതല അവലോകനയോഗത്തിലെ വിലയിരുത്തല്‍.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റിലെ 67 പേരെ പരിശോധിച്ചതില്‍ 45 പേരും രോഗബാധിതരെന്നു കണ്ടെത്തിയതും സര്‍ക്കാരിനെ ഞെട്ടിച്ചു. കഴിഞ്ഞ 17-നു ചെങ്കളയിലെ വിവാഹത്തില്‍ പങ്കെടുത്തവരില്‍, വധൂവരന്‍മാരുള്‍പ്പെടെ 43 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടു കൂടുതല്‍പ്പേരിലേക്കു വ്യാപിച്ചു. മറ്റു ജില്ലകളിലും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത നിരവധിപ്പേര്‍ രോഗബാധിതരായിട്ടുണ്ട്. തിരുവനന്തപുരം, കുമരിചന്തയില്‍ തമിഴ്‌നാട്ടില്‍നിന്നു മത്സ്യവുമായെത്തിയ വ്യാപാരിയില്‍നിന്നാണു നൂറുകണക്കിനു പേര്‍ക്കു രോഗം പകര്‍ന്നത്.

ഒരാഴ്ച അടഞ്ഞുകിടന്ന ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ഇന്നലെ തുറന്നതിനു പിന്നാലെയാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ഏറെയും മാര്‍ക്കറ്റിലെ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരാണ്. കിടങ്ങൂരില്‍നിന്നു പച്ചക്കറി എടുക്കാനെത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മാര്‍ക്കറ്റ് അടച്ചിരുന്നു. അതിനുശേഷം മാര്‍ക്കറ്റിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളാണ് ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഏറെയും.

കണ്ണൂര്‍ ധര്‍മ്മടത്ത് ഒരു കുടുംബത്തിലെ 17 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതാണു കേരളത്തിലെ ആദ്യത്തെ ക്ലസ്റ്ററായി ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. അവിടെയും ഉറവിടം മാര്‍ക്കറ്റായിരുന്നു. തലശേരി മാര്‍ക്കറ്റിലെ മീന്‍ മൊത്തവ്യാപാരിയും കുടുംബാംഗങ്ങളുമാണു രോഗബാധിതരായത്. തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി കോവിഡ് ബാധിച്ച് മരിക്കുകയും 17 കുടുംബാംഗങ്ങള്‍ രോഗബാധിതരാവുകയും ചെയ്തു. പിന്നീട് ഇതേ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിക്കും രോഗം സ്ഥിരീകരിച്ചു.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്. ചികിത്സയിലിരുന്ന 745 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതു 483 പേര്‍ക്ക്. 35 പേരുടെ രോഗ ഉറവിടം അവ്യക്തം. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 95 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. കോഴിക്കോട് സ്വദേശി മുഹമ്മദ് (67), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (87) എന്നിവര്‍ മരിച്ചതു കോവിഡ് ബാധിച്ചാണെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 19,727 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 10,054 പേര്‍ക്കു രോഗം ഭേദമായി. 9,611 പേര്‍ ചികിത്സയിലുണ്ട്.

തിരുവനന്തപുരം 16, കാസര്‍ഗോഡ് 38, പത്തനംതിട്ട 17, കൊല്ലം 22, എറണാകുളം 15, കോഴിക്കോട് 68, മലപ്പുറം 86, കോട്ടയം 59, ഇടുക്കി 70, കണ്ണൂര്‍ 38, ആലപ്പുഴ 30, പാലക്കാട് 41, തൃശൂര്‍ 40, വയനാട് 17 എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള എണ്ണം. ഒരു ദിവസത്തിനിടെ 18,417 സാമ്പിളുകളാണു പരിശോധിച്ചത്. 1,55,147 പേരാണു നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളിലാണ്. ഇന്നലെ 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 101 ഫസ്റ്റ്‌െലെന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 12,801 കിടക്കകളുണ്ട്. രണ്ടാം ഘട്ടത്തില്‍ 201 സി.എഫ്.എല്‍.ടി.സികളാണ് കൂട്ടിച്ചേര്‍ക്കുക.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7