അമേരിക്കൻ സൈന്യത്തിന്റെ ചാര വിമാനം ദക്ഷിണ ചൈനാക്കടലിൽ രഹസ്യാന്വേഷണത്തിനായി മലേഷ്യൻ വിമാനമായി വേഷംമാറിയെന്ന് കണ്ടെത്തി. സെപ്റ്റംബർ 8 ന് രാവിലെയാണ് സംഭവം. ചൊവ്വാഴ്ച, ഒരു യുഎസ് ചാര വിമാനം ചൈനയുടെ ഹൈനാൻ ദ്വീപിനും പാരസെൽ ദ്വീപുകൾക്കുമിടയിലൂടെ നിരീക്ഷണം നടത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
റഡാറുകളെയും എടിസി സംവിധാനങ്ങളെയും കബളിപ്പിക്കാൻ യുഎസ് വിമാനം കുറച്ചു നേരത്തേക്ക് മലേഷ്യൻ വിമാനമായി വേഷംമാറുകയായിരുന്നു എന്നാണ് ചൈന ആരോപിക്കുന്നത്. ഇത് ഏറെ അപകടകരമായ നീക്കമാണെന്നാണ് മിക്കവരും പറയുന്നത്. വിമാനത്തിന്റെ ഈ വേഷമാറ്റം സിവിലിയൻ, സൈനിക വിമാനങ്ങൾ ആശയക്കുഴപ്പത്തിലാക്കുന്നതിനുള്ള അപകടസാധ്യത ഉയർത്തുന്നു. ഇത്തരം നീക്കങ്ങൾ മുൻകാലങ്ങളിൽ വിമാന വെടിവയ്പുകൾക്ക് കാരണമായിട്ടുണ്ട്.
പീക്കിങ് യൂണിവേഴ്‌സിറ്റിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ചൈനീസ് തിങ്ക് ടാങ്ക് സൗത്ത് ചൈന സീ പ്രോബിങ് ഇനിഷ്യേറ്റീവിന്റെ (എസ്‌സിഎസ്‌പിഐ) റിപ്പോർട്ട് പ്രകാരം, യുഎസ് വ്യോമസേനയുടെ ആർസി -135 ഡബ്ല്യു ചാര വിമാനം ചൊവ്വാഴ്ച ജപ്പാനിലെ ഓകിനാവയിലെ കടേന എയർഫോഴ്‌സ് ബേസിൽ നിന്ന് പുറപ്പെടുന്നതായി കണ്ടെത്തി. എന്നാൽ ആ വിമാനം പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. പിന്നീട് ദക്ഷിണ ചൈനാ കടലിനു മുകളിലുള്ള മലേഷ്യൻ വിമാനമായി ഇതേവിമാനം പറക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഹൈനാൻ പ്രദേശത്തെ കടൽത്തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ഇത്. ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎസ് ചാരവിമാനങ്ങൾ ദക്ഷിണ ചൈന കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനായി ആർസി -135 ഡബ്ല്യു വിമാനത്തിന്റെ കോഡുകൾ തെറ്റായി ഉപയോഗിക്കുന്നുണ്ടെന്നും നേരത്തെയും ആരോപണമുയർന്നിരുന്നു.
യുഎസ് ആർസി -135 ഡബ്ല്യു ഇലക്ട്രോണിക് രഹസ്യാന്വേഷണ വിമാനത്തിന്റെ റൂട്ട് മാപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് ദക്ഷിണ ചൈനാക്കടലിൽ രഹസ്യാന്വേഷണം നടത്താൻ യുഎസ് സൈനിക വിമാനം തെറ്റായ കോഡ് ഉപയോഗിച്ച് കണ്ടെത്തുന്നത്. അവസാനമായി ഇത് സംഭവിച്ചത് സെപ്റ്റംബർ 3 നാണ്. അതേ ദിവസം രാവിലെ, 07675 സി കോഡ് ഉള്ള ഒരു വിമാനം ബാഷി ചാനൽ വ്യോമാതിർത്തി വഴി ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ചു, പിന്നീട് സിഗ്നൽ അപ്രത്യക്ഷമായി. ഉച്ചതിരിഞ്ഞ് 3 നു ശേഷം സിഗ്നൽ വീണ്ടും അപ്രത്യക്ഷമായി. തുടർന്ന് യുഎസ് എയർഫോഴ്സ് ആർസി -135 ഡബ്ല്യു ഇലക്ട്രോണിക് രഹസ്യാന്വേഷണ വിമാനം AE01CE കോഡ് ഉപയോഗിച്ച് ഏതാണ്ട് അതേ സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ആർസി -135 ഡബ്ല്യു ഉപയോഗിച്ച തെറ്റായ കോഡാണ് രാവിലത്തെ 07675 സി എന്ന് അനുമാനിക്കുന്നു.
ഒരു യുഎസ് സൈനിക വിമാനം മറ്റൊരു രാജ്യത്തിന്റെ വിമാനമായി വേഷംമാറി പ്രവർത്തിക്കുന്നത് വളരെ അപകടകരമാണ്. ഇത് തെറ്റിദ്ധാരണയ്ക്കും ആകസ്മികമായ ഏറ്റുമുട്ടലുകൾക്കും കാരണമായേക്കാം.