ദുബായ്: യു.എ.ഇ.യിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഞായറാഴ്ച റെക്കോഡ് വർധന. 2443 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ അസുഖം പൂർണമായും ബേധപ്പെട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണം 66,095- ലെത്തി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആകെ മരണം 388.
അതേസമയം പുതുതായി 513 പേരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെരോഗികളുടെ എണ്ണം ഇതോടെ ഉയർന്ന് 73,984-ലെത്തി. നിലവിൽ 7501 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതിയ രോഗികളേക്കാൾ ഇരട്ടിയിലേറെപേർ രോഗമുക്തി നേടിയതും മരണങ്ങളില്ലാത്തതും രാജ്യത്ത് ആശ്വാസംപകരുന്നു. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ 87,336 പരിശോധനകളിലാണ് പുതിയരോഗികളെ കണ്ടെത്തിയത്. രാജ്യത്താകെ ഇതുവരെ 75 ലക്ഷത്തിലേറെ പരിശോധനകൾ പൂർത്തിയായി. കോവിഡ് വ്യാപനം തടയാൻ വിവിധ എമിറേറ്റുകളിൽ ഊർജിതപരിശോധനകളാണ് നടക്കുന്നത്.
ഇതോടൊപ്പം കോവിഡ് 19 പരിശോധനയ്ക്കായി മൂക്കിലെ സ്രവത്തിനുപകരം ഉമിനീരും ഫലപ്രദമാണെന്ന് യു.എ.ഇ. ഗവേഷകർ പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ (എം.ബി.ആർ.യു.) ഗവേഷകരുടേതാണ് കണ്ടുപിടുത്തം. അറബ് മേഖലയിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പഠനം.
Leave a Comment