പബ്ജി മൊബൈൽ ഗെയിമിന്റെ നിരോധനം നീക്കാൻ അധികൃതരുമായി ചർച്ച നടത്തുമെന്ന് ചൈനീസ് ഗെിയിമിങ്, സോഷ്യൽ മീഡിയാ കമ്പനിയായ ടെൻസെന്റ്. ഉപയോക്താക്കളുടെ സ്വകാര്യതയുടേയും ഡാറ്റയുടെയും സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ടെൻസെന്റ് പറഞ്ഞു.
ഡാറ്റാ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ടെൻസെന്റിന്റെ പബ്ജി മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പടെ 118 മൊബൈൽ ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു.
കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലേക്ക് നീങ്ങിയപ്പോൾ വലിയൊരു വിഭാഗം ആളുകൾ ഒഴിവു സമയങ്ങൾ ചിലവഴിക്കാൻ പബ്ജി മൊബൈലിനെ ആശ്രയിച്ചിരുന്നു. അകലങ്ങളിലുള്ള ആളുകളുമായി സംവദിച്ച് ഗെയിം കളിക്കാം എന്നത് പബ്ജി മൊബൈലിന്റെ വലിയ നേട്ടമായിരുന്നു.
ചൈനയുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഭരണകൂടം ചൈനീസ് മൊബൈൽ ആപ്പുകൾക്കെതിരെ വ്യാപകമായി നടപടി സ്വീകരിച്ചു തുടങ്ങിയത്. ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ചതും രാജ്യത്ത് ഏറെ ചർച്ചയായിരുന്നു.
നിരോധനം ഏർപ്പെട്ടതോടെ പബ്ജി മൊബൈൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. പുതിയതായി ആർക്കും ഇനി പബ്ജി ഇൻസ്റ്റാൾ ചെയ്യാനാവില്ല. പക്ഷെ നേരത്തെ ഗെയിം ഇൻസ്റ്റാൾ ചെയ്തവർക്ക് നിലവിൽ ഗെയിം കളിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ അധികം വൈകാതെ ഗെയിം പ്രവർത്തനരഹിതമായേക്കാം.