സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് രോഗബാധ ഇങ്ങനെ

തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശങ്ങളില്‍ നിന്നുമാറി മിക്ക പ്രദേശങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളത് തലസ്ഥാന ജില്ലയില്‍ തന്നെയാണ്. നിലവിലുള്ള ആക്ടീവ് കേസുകളുടെ എണ്ണം 4459 ആണ്. ഇന്ന് 512 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഏറ്റവും ഉയര്‍ന്ന രോഗബാധാ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ഇന്ന് 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതല്‍ വിരല്‍ചൂണ്ടുന്നത്. ഓണാവധി കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ അധികം രോഗബാധിതര്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ്. തിരുവനന്തപുരത്തു നിന്നും രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് കോസ്റ്റല്‍ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഏഴു  മുതല്‍ സെന്‍റിനല്‍ സര്‍വലൈന്‍സിന്‍റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും റാപ്പിഡ് ആന്‍റിജന്‍ പരിശോധന നടത്തും.  

ആലപ്പുഴയിലെ ക്ലസ്റ്ററുകളിലെല്ലാം സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ആന്‍റിജന്‍ പരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തി ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആന്‍റിജന്‍ പരിശോധനയ്ക്കായി 2 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് 50,000 ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകളും 23 കിയോസ്ക്കുകളും ജില്ല പഞ്ചായത്ത് സ്ഥാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 190ലധികം ജീവനക്കാര്‍ ക്വാറന്‍റീനില്‍ പോയിരുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, ട്രോമാ ഐസിയു, കാര്‍ഡിയാക് ഐസിയു, ലേബര്‍ റൂം, പീഡിയാട്രിക് ഐസിയു  എല്ലാ വിഭാഗത്തിലെയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് രണ്ടു മാസം വേണ്ട മരുന്നുകള്‍ ഒപി ഫാര്‍മസിയില്‍ നിന്ന് നല്‍കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ജില്ലയില്‍ ദിവസം ശരാശരി 1500 പേരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നാലു വ്യവസായശാലകള്‍ പുതിയ കോവിഡ് ഇന്‍സിറ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 87 ശതമാനമാണ് രോഗമുക്തി.

എറണാകുളത്ത് ഫോര്‍ട്ട് കൊച്ചി, നെല്ലിക്കുഴി കോതമംഗലം ക്ലസ്റ്ററുകളില്‍ ആണ് രോഗവ്യാപനം ശക്തമായി തുടരുന്നത്.

കോഴിക്കോട് ജില്ലയില്‍ തീരദേശമേഖലകളിലാണ് രോഗവ്യാപനം കൂടുതലും. ഒന്‍പത് ക്ലസ്റ്ററുകളുള്ളതില്‍ അഞ്ചെണ്ണവും  തീരദേശത്താണ്. ചോറോട്, വെള്ളയില്‍, മുഖദാര്‍, കടലുണ്ടി മേഖലകളിലാണ് രോഗവ്യാപനം കൂടിവരുന്നത്. കടലുണ്ടിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം ബാധിച്ചു. രോഗപരിശോധനയ്ക്ക് ചില പ്രദേശങ്ങളില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വയനാട് ജില്ലയില്‍ മേപ്പാടി ചൂരല്‍മല ക്ലസ്റ്ററില്‍ രോഗികള്‍ വര്‍ധിച്ചു വരികയാണ്. 858 പേരെ പരിശോധിച്ചതില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ വാളാട് കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. ഇവിടെ 5065 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കണ്ണൂര്‍ ജില്ലയില്‍ 15 ക്ലസ്റ്ററുകള്‍ ഉണ്ടായതില്‍ ആറെണ്ണമാണ് ആക്ടീവ് ആയി തുടരുന്നത്. ഇതില്‍ തലശ്ശേരി ഗോപാല്‍പേട്ട, തളിപ്പറമ്പ്, കണ്ണൂര്‍ തയ്യില്‍, കണ്ണര്‍ ഗവ. മെഡിക്കല്‍ കോളേജ്, മുഴപ്പിലങ്ങാട് എഫ്സിഐ എന്നിവയാണ് പ്രധാന ക്ലസ്റ്ററുകള്‍. പാട്യം  ക്ലസ്റ്ററില്‍  കേസുകള്‍ കുറഞ്ഞുവരികയാണ്. മറ്റ് ഒമ്പത് ക്ലസ്റ്ററുകളില്‍ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഇവിടെ പുതിയ കേസുകള്‍ ഉണ്ടാകുന്നില്ല.

കാസര്‍കോട് 276 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണസംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയില്‍, മൂന്നാംഘട്ടത്തിലാണ് 42 പേര്‍ മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണ്.

എല്ലാ ജില്ലകളിലും രോഗവ്യാപനം തുടരുകയാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് എത്രത്തോളം വ്യാപനമുണ്ടായി എന്നത് മനസ്സിലാവാനിരിക്കുന്നതേയുള്ളു. ഇതൊക്കെയാണെങ്കിലും കഴിഞ്ഞദിവസം സൂചിപ്പിച്ചതുപോലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം മെച്ചപ്പെട്ട നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ട് എന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ താരതമ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒറ്റ ദിവസം രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്
86,432 പേര്‍ക്കാണ്.

*പ്രതിരോധം- കേരളത്തിന്‍റെ മികവ്*

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം പുലര്‍ത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവര്‍ത്തനങ്ങളുടേയും മികവ് മനസ്സിലാക്കാന്‍ കഴിയുന്നത് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഏതു സൂചകങ്ങള്‍പരിശോധിച്ചാലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് ഈ മഹാമാരിയെ നാം നേരിടുന്നത്.

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് 19 കേസ് ഈ വര്‍ഷം ജനുവരി 30ന് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും, ഈ കാലയളവിനുള്ളില്‍ കേസ് പെര്‍ മില്യണ്‍, അതായത് പത്തുലക്ഷം ജനങ്ങളില്‍ എത്ര പേര്‍ക്ക് രോഗബാധ ഉണ്ടായി, എന്നു നോക്കിയാല്‍ കേരളത്തിലത് 2168 ആണ്. 8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെര്‍ മില്യണ്‍. 5000ത്തിനും മുകളിലാണ് തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും. തെലുങ്കാനയില്‍ 3482 ആണ്. ഇന്ത്യന്‍ ശരാശരി 2731 ആണ്. ജനസാന്ദ്രതയില്‍ ഈ സംസ്ഥാനങ്ങളേക്കാള്‍ എല്ലാം ഒരു പാട് മുന്നിലാണ് നമ്മളെന്നു കൂടെ ഓര്‍ക്കണം.

ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ ഭേദപ്പെട്ട നിലയിലാണ്. ഈ ഒന്നാം തീയതിയിലെ നിലയെടുത്താല്‍ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കര്‍ണ്ണാടകത്തില്‍ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്നാട്ടില്‍ 52,379 കേസുകളും തെലുങ്കാനയില്‍ 32,341 കേസുകളാണുമുള്ളത്.

കര്‍ശനമായ ഡിസ്ചാര്‍ജ് പോളിസിയാണ് നമ്മള്‍ പിന്തുടരുന്നത് എന്നും ഓര്‍ക്കണം. മറ്റു പ്രദേശങ്ങളില്‍ 10 ദിവസങ്ങള്‍ കഴിഞ്ഞ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, ആന്‍റിജന്‍ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിക്കും എന്ന നിശ്ചയദാര്‍ഢ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.
അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണങ്ങള്‍ മാത്രം ഇവിടെ സംഭവിക്കുന്നത്. നമ്മുടെ ഡെത്ത് പെര്‍ മില്യണ്‍, അതായത് പത്തു ലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു എന്നത്, 8.4 ആണ്. തമിഴ്നാട്ടില്‍ അത് ഏതാണ്ട് 11 ഇരട്ടിയാണ്. കര്‍ണ്ണാടകയില്‍ നമ്മുടേതിന്‍റെ ഏകദേശം 12 ഇരട്ടി മരണങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ആന്ധ്ര പ്രദേശില്‍ 77.2 ആണ് ഡെത്ത് പെര്‍ മില്യണ്‍. ഇന്ത്യന്‍ ശരാശരി 48 ആണ്.

കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരില്‍ എത്ര പേര്‍ മരിച്ചു എന്ന കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ 0.4 ആണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശില്‍ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും, കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നില നിര്‍ത്താന്‍ സാധിക്കുന്നത് നമ്മുടെ നാടാകെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവിന്‍റെ ദൃഷ്ടാന്തമാണ്.

ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുമ്പിലാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ഉള്‍പ്പെടെയുള്ള വിദഗ്ധ ഏജന്‍സികളെല്ലാം നിഷ്കര്‍ഷിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതനുസരിച്ച് ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ സൂചകമുപയോഗിച്ച് പരിശോധിച്ചാല്‍ മെച്ചപ്പെട്ട രീതിയിലാണ് നമ്മള്‍ ടെസ്റ്റുകള്‍ നടത്തുന്നതെന്ന് കാണാം.

കേരളത്തിന്‍റെ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ 22 ആണ്. തമിഴ് നാടിന്‍റേത് 11 ആണ്. അതായത് 22 പേര്‍ക്ക് ടെസ്റ്റുകള്‍ ചെയ്യുമ്പോഴാണ് ഇവിടെ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്നാട്ടില്‍ 11 ടെസ്റ്റുകള്‍ നടത്തുമ്പോള്‍ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയില്‍ അത് 10.9 ഉം, കര്‍ണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മള്‍ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം. കേരളത്തിന്‍റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്നാട്ടില്‍ 8.9ഉം തെലുങ്കാനയില്‍ 9.2ഉം, കര്‍ണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്. കേരളം ഈ സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ടെസ്റ്റുകള്‍ നടത്തി എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതുകൊണ്ട് കോവിഡ് പ്രതിരോധത്തില്‍ തുടക്കം മുതലുള്ള മികവ് നമുക്ക് നിലനിര്‍ത്താനാവുന്നുണ്ട് എന്ന് നിസ്സംശയം പറയാം. എന്നാല്‍, നാം അവിടെ നില്‍ക്കുകയല്ല. ഈ കണക്കുകള്‍ വിശകലനം ചെയ്ത് രോഗവ്യാപനം കുറയ്ക്കാനുള്ള എല്ലാ സാധ്യതയും വരും നാളുകളില്‍ പരിശോധിച്ച് സര്‍ക്കാര്‍ ഇടപെടും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7