രാജ്യത്തെ നിരവധി മാതാപിതാക്കൾ ഏറെ കാലമായി കേൾക്കാൻ കാത്തിരുന്ന പ്രഖ്യാപനമാണ് സർക്കാർ ബുധനാഴ്ച നടത്തിയത്. പബ്ജി മൊബൈൽ നിരോധനത്തിൽ യുവാക്കളെ ഞെട്ടിച്ചപ്പോൾ രക്ഷിതാക്കളെല്ലാം സന്തോഷത്തിലായിരുന്നു. ടിക് ടോക്കിനെ നിരോധിക്കുന്നതിന് മുൻപ് തന്നെ, മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം പബ്ജിയും വിലക്കണമെന്ന ആവശ്യങ്ങൾ കാലാകാലങ്ങളിൽ നിരവധി പ്ലാറ്റ്ഫോമുകളിൽ ഉയർന്നുവന്നിരുന്നു.
കുട്ടികളുടെ പഠനത്തെ വരെ തെറ്റായി സ്വാധീനിക്കുന്ന വിഡിയോ ഗെയിമിനെക്കുറിച്ച് മിക്ക രക്ഷിതാക്കൾക്കും പരാതിയാണ്. ഗെയിമിനോടുള്ള അമിതമായ ആസക്തിയുടെ ചില റിപ്പോർട്ടുകൾ പല മാതാപിതാക്കളെയും അധ്യാപകരെയും ഭീതിപ്പെടുത്തിയിരുന്നു, കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാക്കി.
എന്നാൽ, ചില യുവാക്കൾ പബ്ജി നിരോധനത്തെ അംഗീകരിക്കുമെന്ന് അറിയിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിയിലെ പിരിമുറുക്കത്തെത്തുടർന്നാണ് താൻ തീരുമാനം സ്വീകരിക്കുന്നതെന്ന് ഡൽഹിയിൽ നിന്നുള്ള ബിടെക് അവസാന വർഷ വിദ്യാർഥി അനികേത് കൃഷ്ണാത്രെ പറഞ്ഞു. പബ്ജി നിരോധിച്ചതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തയറിഞ്ഞു. ഈ തീരുമാനത്തിൽ എന്റെ മാതാപിതാക്കൾ സന്തുഷ്ടരാണെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം ഇത് നിരാശാജനകമായിരുന്നു, കാരണം ലോക്ഡൗൺ സമയത്ത് ഇത്രയധികം ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക ഉപകരണം അതായിരുന്നുവെന്നും കൃഷ്ണാത്രെ പറഞ്ഞു. സർക്കാർ നിരവധി ആപ്ലിക്കേഷനുകൾ നിരോധിച്ചു, പക്ഷേ ഞങ്ങൾക്ക് ബദൽ മാർഗങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പബ്ജി നിരോധന വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാട്ടുതീ പോലെ പടർന്നു, മിനിറ്റുകൾക്കുള്ളിൽ ‘പബ്ജി നിരോധിച്ചു’ എന്നത് ട്വിറ്ററിലെ ഏറ്റവും പ്രചാരമുള്ള വിഷയമായി. ആഗോളതലത്തിൽ 60 കോടിയിലധികം ഡൗൺലോഡുകളും അഞ്ചു കോടി സജീവ കളിക്കാരുമുള്ള പബ്ജി ഗെയിമിന് ഇന്ത്യയിലും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാർ.
കിഴക്കൻ ലഡാക്കിലെ പാങ്കോങ് ത്സോയിൽ ഇന്ത്യൻ പ്രദേശത്ത് പുതിയ ചൈനീസ് ആക്രമണത്തിന് ശേഷമാണ് പബ്ജി മൊബൈലും മറ്റ് 117 ചൈനീസ് ആപ്ലിക്കേഷനുകളും നിരോധിക്കാനുള്ള ഇന്ത്യയുടെ നീക്കം. ഈ നീക്കം കോടിക്കണക്കിന് ഇന്ത്യൻ മൊബൈൽ, ഇന്റർനെറ്റ് ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കും. ഇന്ത്യൻ സൈബർ സ്പേസിന്റെ സുരക്ഷ, പരമാധികാരം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ലക്ഷ്യമിട്ട നടപടിയാണ് ഈ തീരുമാനമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇന്ത്യൻ സ്റ്റാർട്ടപ്പ് പരിസ്ഥിതി വ്യവസ്ഥയെ സർക്കാർ വീണ്ടും പിന്തുണയ്ക്കുന്നു. ഇത് തീർച്ചയായും ഇന്ത്യൻ ആവാസവ്യവസ്ഥയെ പ്രചോദിപ്പിക്കും, കൂടുതൽ ഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ മികവു കാണിക്കുമെന്നും ചിംഗാരി വിഡിയോ ആപ്ലിക്കേഷന്റെ സിഇഒയും സഹസ്ഥാപകനുമായ സുമിത് ഘോഷ് പറഞ്ഞു.