ലഹരി: നടിയുടെ വിഡിയോയും 15 നടന്മാരുടെ വിവരങ്ങളും കൈമാറി സംവിധായകന്‍ ലങ്കേഷ്

ബെംഗളൂരു: ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ് അറിയിച്ചു. തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗം അഞ്ചു മണിക്കൂറോളം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തു. സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എല്ലാം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

കന്നഡ നടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് അറിവുണ്ടെങ്കിലും താന്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. തെളിവുകള്‍ സഹിതമാണ് 15 നടന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ചില നടന്മാരുടെ വിഡിയോയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇദ്ദേഹം കൈമാറിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു ജോയിന്റ കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ലഹരിമാഫിയയുടെ പണം ഉപയോഗിച്ചാണു തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. ലഹരിക്കടത്തുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതോടെ പലരും ശ്രീലങ്കയിലേക്കു രക്ഷപ്പെട്ടു. ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിവരുമാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) വലയിലായത്. നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം

എക്സ്റ്റസി (പരമാനന്ദം) എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില.

ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണു ലഹരിമരുന്നു സ്വന്തമാക്കിയിരുന്നത്. അനിഖയ്‌ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്. രവീന്ദ്രനായിരുന്നു പ്രധാന വിതരണക്കാരന്‍. കന്നഡയിലെ അഭിനേതാക്കള്‍, സംഗീതജ്ഞര്‍, വിഐപികളുടെ മക്കള്‍ എന്നിവരടക്കം രണ്ടായിരത്തിലധികം നമ്പറുകള്‍ ഇയാളുടെ ഫോണിലുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരി വിതരണം ചെയ്യാറുണ്ടായിരുന്നു

ബെംഗളൂരുവില്‍ ചെറിയ സീരിയല്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനിഖ, സമ്പത്തുണ്ടാക്കാന്‍ ക്രമേണ അഭിനയം നിര്‍ത്തി ലഹിമരുന്ന് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സിനിമ, ടിവി മേഖലയിലെ തന്റെ പരിചയം ഇതിനായി ഉപയോഗിക്കുകയും ചെയ്തു. രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴിയാണ് അനിഖയും കൂട്ടരും വിദേശത്തുനിന്ന് ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്ന്, പ്രത്യേകിച്ച് ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍നിന്നാണു സംഘം ലഹരി ഇറക്കുമതി ചെയ്തിരുന്നത്. ബിറ്റ്‌കോയിന്‍ വഴിയാണ് പണമടച്ചിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular