ബെംഗളൂരുവിൽ പിടിയിലായ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാളത്തിലെ 8 യുവ സിനിമാ പ്രവർത്തകരുമായി അടുത്തബന്ധം. കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ ലഹരിമരുന്നുകൾ സംസ്ഥാനത്തേക്കു കടത്തുന്നതിൽ അനൂപിന്റെ പങ്കു വലുതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി.റമീസ്, സംസ്ഥാനത്തെ രാഷ്ട്രീയ ഉന്നതന്റെ അടുത്തബന്ധു എന്നിവരുമായി അനൂപിനുള്ള ബന്ധത്തിന്റെ തെളിവുകൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചു തുടങ്ങി.
കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണു (എൻസിബി) കന്നഡ സീരിയൽ താരം ഡി.അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രൻ എന്നിവർക്കൊപ്പം അനൂപിനെ അറസ്റ്റ് ചെയ്തത്.
കൊച്ചിയിലെ വ്യാപാരസമുച്ചയങ്ങൾ കേന്ദ്രീകരിച്ച് അനൂപ് നടത്തിയിരുന്ന ബിസിനസുകൾ പൊളിഞ്ഞതോടെയാണു ബെംഗളൂരുവിലേക്കു താവളം മാറ്റിയത്. ഇതിനുള്ള അവസരം ഒരുക്കി പണം മുടക്കിയതു രാഷ്ട്രീയ ഉന്നതന്റെ അടുത്തബന്ധുവാണ്. ബെംഗളൂരുവിലെ നിശാപാർട്ടികൾക്കു വിലകൂടിയ ലഹരി എത്തിച്ചിരുന്നത് അനൂപും രവീന്ദ്രനും ചേർന്നാണ്. ഷൂട്ടിങ് മുടങ്ങിയ ലോക്ഡൗൺകാലത്തു പോലും മലയാളത്തിലെ സിനിമാപ്രവർത്തകരിൽ ചിലർ ലഹരി മരുന്നിനായി അനൂപിനെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ എൻസിബിക്കു ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമ കൂട്ടായ്മകളിൽ അടുത്ത സുഹൃത്തുക്കൾ അനൂപിനെ ‘ഡോൺ ഓഫ് ബാംഗ്ലൂർ’ എന്നാണു വിശേഷിപ്പിക്കുന്നത്.