ലൊക്കേഷനില്‍ എത്തിയിട്ടും കാറില്‍ നിന്നും ഇറങ്ങാതെ മമ്മൂട്ടി, ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ എന്തിനാണ് ഇത്രയും റിസ്‌ക് എടുക്കുന്നത്, സംവിധാകന്റെ വെളിപ്പെടുത്തല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രീമിയര്‍ ഷോ കണ്ട് ചലച്ചിത്ര കലാകാരന്മാര്‍ മമ്മൂട്ടിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. ലോകത്തിലെ വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരവധി അവാര്‍ഡുകളും ചിത്രം നേടിയിരുന്നു. ഫെബ്രുവരി 1നാണ് ചിത്രത്തിന്റെ റിലീസ്.
ഒരു മലമുകളിലെ വീട്ടില്‍ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. ടൗണില്‍ നിന്ന് ഏകദേശം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വേണം ലൊക്കേഷനില്‍ എത്താന്‍. കുണ്ടും കുഴിയുമുള്ള വളരെ മോശപ്പെട്ട റോഡാണ്. ആദ്യ ദിവസം മമ്മൂട്ടി ചെറുതായി ദേഷ്യപ്പെട്ടെന്ന് സംവിധായകന്‍ പറഞ്ഞു.

റാമിന്റെ വാക്കുകള്‍:

മമ്മൂട്ടി സര്‍, ഒരു പ്രാദേശിക നടനല്ല. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മികച്ച നടനാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും താന്‍ വലിയ താരമാണെന്ന് അദ്ദേഹം കാണിച്ചില്ല. സാധാരണ ഒരു നടനെന്ന രീതിയിലാണ് പെരുമാറിയത്. കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ പ്രീമിയര്‍ ഷോ ഉണ്ടായിരുന്നു. അന്നാണ് ഞാന്‍ അത്രയും ആളുകളെ കണ്ടത്. അദ്ദേഹത്തിന് വേണ്ടി വന്നവരാണ്. അദ്ദേഹം താരമാണെന്ന് അറിയാം, പക്ഷേ ഇത്രയും വലിയ താരമാണെന്ന് കേരളത്തില്‍ പോയപ്പോള്‍ ബോധ്യപ്പെട്ടു.
പേരന്‍പിന്റെ കഥയ്ക്ക് പറ്റിയ ഒരു ലൊക്കേഷന്‍ കണ്ടുപിടിച്ചു. അവിടെ ഷൂട്ട് ചെയ്താലേ ശരിയാകൂ എന്ന നിലപാടിലായിരുന്നു ഞാന്‍. ലൊക്കേഷന്റെ ചിത്രം മമ്മൂട്ടി സാറിന് അയച്ചുകൊടുത്തു. ഇവിടേക്ക് എത്തേണ്ട സമയവും കാര്യങ്ങളും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ എങ്ങനെയുള്ള റോഡാണെന്ന് പറഞ്ഞില്ല. വളരെ മോശപ്പെട്ട റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടിയിരുന്നു.
അദ്ദേഹം ലൊക്കേഷനില്‍ എത്തിയിട്ടും കാറില്‍ നിന്നും ഇറങ്ങിയില്ല. നിങ്ങള്‍ക്ക് എത്രാമത്തെ ചിത്രമാണ് സര്‍ ഇത് എന്ന് മമ്മൂട്ടി ചോദിച്ചു. നാലാമത്തെ സിനിമയാണെന്ന് പറഞ്ഞു. എനിക്ക് ഇത് 350ന് മുകളിലത്തെ ചിത്രമാണ്. നിങ്ങള്‍ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടാം, പക്ഷേ ഞാന്‍ എന്തിനാണ് ഇത്രയും റിസ്‌ക് എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കാരവന്‍ പോലും ഒരു കിലോമീറ്റര്‍ അപ്പുറത്തായാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ എന്തായാലും കാരവാന്‍ ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരവാന്‍ വന്നിട്ട് ഷൂട്ട് തുടങ്ങാമെന്ന് ഞാന്‍ മമ്മൂട്ടി സാറോട് പറഞ്ഞു. പക്ഷേ ഇത്രയും ദൂരം വന്നിട്ട് അഭിനയിക്കാതെ എങ്ങനെയാ പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അന്ന് തന്നെ ചിത്രീകരണം തുടങ്ങി. പിന്നീട് അദ്ദേഹം ഓകെ ആയി.
ഞാനും എന്റെ അസിസ്റ്റന്റും സെറ്റില്‍ തന്നെയാണ് ഉറക്കം. ഞാന്‍ മാത്രം എങ്ങനെയാണ് ഹോട്ടലില്‍ പോയി കിടക്കുന്നത്. നിങ്ങളും ഹോട്ടലില്‍ വന്ന് കിടക്കണം എന്ന് അദ്ദേഹം പറഞ്ഞു. ശരീരവും മനസ്സും അര്‍പ്പിച്ചാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7