ഇങ്ങനെയെങ്കില്‍ അടുത്ത 50 വര്‍ഷം കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്. തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത 27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

സംഘടനാ തിരഞ്ഞെടുപ്പ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നടക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങളായി പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍നിന്നൊക്കെ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തിരഞ്ഞെടുപ്പാണ് ഒരുവഴിയെന്നും ഗുലാം നബി ആസാദ് പറയുന്നു.

തോല്‍വി ഭയന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചിലര്‍ ആ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് ശ്രമിക്കുന്നത്. നാമനിര്‍ദ്ദേശത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളായവരാണ് അവര്‍. അത് അങ്ങനെ തന്നെ തുടരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഗുലാംനബി ആസാദ് പറയുന്നു. തന്റെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular