തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ച് സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.
അറ്റ്ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയിലായ സമയത്താണ് അനില്‍ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായില്‍ ഒരു വഞ്ചനാക്കേസ് നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയന്ന് അനില്‍ നമ്പ്യാര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുമാരുന്നില്ല. അറ്റ്ലസ് രാമചന്ദ്രനുമായി ഇന്റര്‍വ്യൂ നടത്തുന്നതിനായി അനില്‍ നമ്പ്യാര്‍ക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് സാധിക്കുമായിരുന്നില്ല.
അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈയൊരു കാര്യത്തിന് വേണ്ടി രണ്ട് വര്‍ഷം മമ്പ് അനില്‍ നമ്പ്യാര്‍ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താന്‍ വഴി കോണ്‍സുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോണ്‍സുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനില്‍ നമ്പ്യാര്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ല്‍ താജ് ഹോട്ടലില്‍ വെച്ച് അനില്‍ നമ്പ്യാര്‍ തനിക്ക് അത്താഴവിരുന്ന് നല്‍കിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു.
ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആരായുകയും ബിജെപിക്ക് വേണ്ടി കോണ്‍സുലേറ്റിന്റെ പിന്തുണ ലഭിക്കാന്‍ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അനില്‍ നമ്പ്യാരുടെ സുഹൃത്തിന്റെ സ്ഥാപനമായ നവീന്‍ ടൈല്‍സിന്റെ ഉദ്ഘാടനത്തിനായി കോണ്‍സുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും കാണുന്നത് നവീന്‍ ടൈല്‍സിന്റെ ഉദ്ഘാടന വേളയിലാണ്. കോണ്‍സുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നല്‍കേണ്ടതെന്ന് അനില്‍ നമ്പ്യാര്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഉദ്ഘാടന ചടങ്ങില്‍ വെച്ച് ആപ്പിളിന്റെ മാക് ബുക്ക് സമ്മാനമായി നല്‍കി. ഇതിന് ശേഷം ഇടയ്ക്കൊക്കെ അനില്‍ നമ്പ്യാര്‍ സൗഹൃദം പുതുക്കുന്നതിന് വേണ്ടി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ പറയുന്നു.
അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവം വരുന്നത്. തുടര്‍ന്ന് ദുബായില്‍ നിന്ന് കോണ്‍സുലേറ്റ് ജനറല്‍ വിളിച്ച് വാര്‍ത്തകള്‍ അധികം പുറത്തുവരാതിരിക്കാന്‍ വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ നിസ്സഹായ ആയിരുന്നു. ഇതിനിടെയാണ് അനില്‍ നമ്പ്യാര്‍ തന്നെ വിളിക്കുന്നത്. സ്വര്‍ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനില്‍ നമ്പ്യാര്‍ വിളിച്ചത്. ടി.വിയില്‍ വാര്‍ത്തകള്‍ വരുന്നത് കണ്ടാണ് ഇങ്ങനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ തന്നോട് പറഞ്ഞത്.
തുടര്‍ന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞ വിവരം കോണ്‍സുലേറ്റ് ജനറലിനെ അറിയിച്ചു. തുടര്‍ന്ന് പ്രസ്താവന എഴുതി തയ്യാറാക്കി നല്‍കാന്‍ അനില്‍ നമ്പ്യാരോട് ആവശ്യപ്പെടാന്‍ കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം അനിലിനെ അറിയിക്കുകയും അദ്ദേഹം അക്കാര്യം എഴുതി മെയില്‍ അയയ്ക്കുകയും ചെയ്തു. സ്വന്തം സുരക്ഷയെ കരുതി ഇക്കാര്യത്തിന് പിന്നാലെ പോയതുമില്ലെന്നും സ്വപ്ന പറയുന്നു.