ഇപ്പോഴുള്ളതിലും എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ കേരളത്തിലുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗത്തിന്റെ അവസ്ഥ ഉച്ഛസ്ഥായിലാണെന്ന് പറയാനാകില്ല. ലോകത്ത് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഈ പ്രത്യേകത കൂടി കണക്കിലെടുത്താൽ രോഗത്തെ അതിന്റെ ഉച്ഛസ്ഥായിലെത്താൻ അനുവദിക്കാതെ കൂടുതൽ സമയം പിടിച്ചു നിർത്താനായി. നമ്മുടെ രാജ്യം ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറി.

75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47,857 കേസുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാകുക. മരണം ഒരു ദിവസം ഏകദേശം 1000ൽ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് രാജ്യത്ത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്. ദക്ഷിണേന്ത്യയിൽ രോഗം വ്യാപനം രൂക്ഷമാകുന്നു. കർണാടകയിൽ കേസുകൾ മൂന്നു ലക്ഷം കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ കേസുകള്‍ നാല് ലക്ഷമായി. ഏഴായിരം പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 93 പേരും എന്നതാണ് കോവിഡ് മരണ നിരക്ക്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ട് എന്ന നിരക്കില്‍ രോഗബാധ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ നിലയായിരുന്നു കേരളത്തിലെങ്കില്‍ കേരളത്തില്‍ ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിച്ചേനേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സംവിധാനവും പ്രതിരോധ നടപടികളും കാര്യക്ഷമമാക്കാന്‍ നമുക്ക് സാധിച്ചു. ഇപ്പോഴുള്ളതിലും എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular