കോവിഡ് ഭേദമായ യുവാവിന് നാലരമാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ

ഹോങ്കോങ്: കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി.

എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത്തരത്തില്‍ ഒരു സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്‌പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ നടന്ന സലൈവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

23 മില്യന്‍ കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. ഒരിക്കല്‍ കൊറോണ വൈറസ് ബാധ ഉണ്ടായ ആളുകളില്‍ വൈറസിനെതിരെയുള്ള പ്രതിരോധം രൂപപ്പെടുകയും ഇത് വീണ്ടും രോഗം വരുന്നത് തടയുകയും ചെയ്യും. ഏറ്റവും മോശമായി രോഗം ബാധിച്ചവരിലാണ് ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുക. എന്നാല്‍ എത്രത്തോളം ശക്തമാണ് ഈ രോഗപ്രതിരോധശേഷിയെന്നും എത്ര കാലത്തോളം ഇത് നിലനില്‍ക്കുമെന്നും വ്യക്തമല്ല. രോഗം വന്ന് ഭേദമായവരില്‍ കൂടുതല്‍ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇതില്‍ വ്യക്തമായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്നതിന് വളരെ അപൂര്‍വമായ ഒരു ഉദാഹരണമാണ് ഈ കേസെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ മൈക്രോബിയല്‍ പാത്തോജെനിസിസ് പ്രൊഫസര്‍ ബ്രന്‍ഡന്‍ റെന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കരുത്. കാലക്രമത്തില്‍ വൈറസിന് സ്വഭാവിക പരിവര്‍ത്തനം ഉണ്ടാകുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7