തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന്റെ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എ.കെ.ജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. കള്ളക്കടത്തുകാര്‍ക്ക് പരവതാനി വിരിക്കുന്ന അവരുടെ പങ്ക് പറ്റുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയമസഭയ്ക്ക് മുന്നില്‍ നടത്തി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മന്ത്രി തന്നെ നേരിട്ട് ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് നിഷേധിക്കാന്‍ പറ്റാത്ത തെളിവുകള്‍ പുറത്ത് വന്നിട്ടും വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായുള്ള പ്രമേയത്തിന് എതിരായി തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ ഒ.രാജഗോപാല്‍ എം.എല്‍.എയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാട് അക്ഷന്തവ്യമായ അപരാധമാണ്. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും, സ്പീക്കറുമെല്ലാം. വിയോജിക്കുന്നവരുടെ ശബ്ദം കേള്‍ക്കാനുള്ള സാമാന്യമായ മര്യാദ പോലും കാണിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.