കോട്ടയം: സർക്കാർ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങൾ തെറ്റിയതിനാൽ രോഗമില്ലാത്തവർക്ക് കോവിഡ് സെന്ററിൽ കഴിയേണ്ടിവന്നതായി പരാതി. ഒരു നവജാതശിശുവും അമ്മയും കോട്ടയത്തും സിനിമാ സംവിധായകൻ ചങ്ങനാശ്ശേരിയിലുമാണ് കോവിഡ് സെൻററിൽ കഴിയേണ്ടിവന്നത്. ഇതുസംബന്ധിച്ച് ഗപ്പി, അമ്പിളി സിനിമകളുടെ സംവിധായകൻ കോട്ടയം കഞ്ഞിക്കുഴി കളത്തിൽ പറമ്പിൽ ജോൺ പോൾ ജോർജ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.
സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതോടെ ഓഗസ്റ്റ് ഏഴിന് ജോൺ പോൾ ജോർജ് പരിശോധനയ്ക്ക് സ്വയം തയ്യാറാവുകയായിരുന്നു. കോട്ടയത്തെ മെഡിവിഷൻ ലാബിൽ പരിശോധന നടത്തി; ഫലം പോസിറ്റീവ്. നേരേ എത്തിയത് ചങ്ങനാശ്ശേരിയിലെ കോവിഡ് സെൻററിൽ. അടുത്തദിവസം ആരോഗ്യവകുപ്പിന് സംശയം തോന്നിയതുകൊണ്ടാവാം, അവിടെ ടെസ്റ്റ് ചെയ്തു. മൂന്നുദിവസത്തിനുശേഷം ഫലം നെഗറ്റീവ്. ഉടൻ ഡിസ്ചാർജ് ലെറ്റർ വാങ്ങി. എന്നാൽ, കോവിഡ് സെൻററിൽ കഴിഞ്ഞതിനാൽ വീണ്ടും വീട്ടിൽ ക്വാറൻറീനിൽ.
കോട്ടയത്ത് സുഹൃത്തിന് സമാനമായ സംഭവംകൂടിയുണ്ടായപ്പോഴാണ് പരാതിയയ്ക്കാൻ മുന്നിട്ടിറങ്ങിയത്. പ്രസവത്തിനുമുൻപ് കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരിൽ ഡോണി ജോസഫിന്റെ ഭാര്യയുടെ കോവിഡ് ടെസ്റ്റ് നടത്തി. കുഞ്ഞുണ്ടാവുന്നതിന് ഒരുമണിക്കൂർമുമ്പ് ആശുപത്രിയിൽനിന്ന് നേരിട്ട് ഇതേ മെഡിവിഷൻ ലാബിനെ ഏല്പിച്ച സാമ്പിളിന്റെ പരിശോധനാഫലം വന്നതും പോസിറ്റീവെന്ന്. പ്രസവം കഴിഞ്ഞയുടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറൻറീനിലേക്ക് മാറ്റി. ഇതിനിടെ കുഞ്ഞിന് മഞ്ഞനിറം ബാധിച്ചു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും സ്വീകരിച്ചില്ല. തുടർന്ന് അമ്മയും കുഞ്ഞും ജനറൽ ആശുപത്രിയിലെ കോവിഡ് സെൻററിലേക്ക്. ഫലത്തിൽ സംശയം തോന്നിയ ആരോഗ്യവകുപ്പ് അമ്മയെ വീണ്ടും പരിശോധനയ്ക്ക് വിധേയയാക്കി; ഫലം നെഗറ്റീവ്. അപ്പോഴേക്കും അമ്മയും കുഞ്ഞും കോവിഡ് ആശുപത്രിയിൽ നാലുദിവസം പിന്നിട്ടിരുന്നു. കുഞ്ഞിന് പാലുപോലും നിഷേധിക്കപ്പെട്ട സംഭവമാണിതെന്ന് ജോൺ പോൾ ജോർജ് പറയുന്നു.