അമേരിക്കയ്ക്ക് എതിരേ നിയമനടപടിക്കൊരുങ്ങി ടിക് ടോക്‌

ന്യൂയോർക്ക്: അമേരിക്ക നടത്തുന്ന അടിച്ചമർത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിക് ടോക് ശനിയാഴ്ച അറിയിച്ചു. ദേശീയ സുരക്ഷാഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ടിക് ടോക്ക് നിയമനടപടി തേടുന്നത്.

ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക് ടോക്കിനെ ചൈന ഉപയോഗപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ് ടിക്ടോക്കിനെതിരെയുള്ള ആരോപണം ആവർത്തിച്ചത്.

ടിക് ടോക് കമ്പനിയായ ബൈറ്റ് ഡാൻസുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ നിർദേശം നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പു വെയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് ആറിന് ഒപ്പുവെച്ച ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് കമ്പനി നിയമനടപടി തേടുന്നത്.

നിയമവാഴ്ച അവസാനിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും തങ്ങളുടെ കമ്പനിയോടും ഉപയോക്താക്കളോടും ന്യായമായ രീതിയിൽ ഇടപെടണമെന്നാണ്‌ ടിക് ടോക് ആവശ്യപ്പെടുന്നത്‌. അടുത്തയാഴ്ച കമ്പനി കേസ് ഫയൽ ചെയ്യും.

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുള്ള ആരോപണം ടിക് ടോക് ആവർത്തിച്ച് നിഷേധിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തെ തങ്ങൾക്കെതിരെയുള്ള രാഷ്ട്രീയനീക്കമായാണ്‌ ചൈന നിരീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular