”അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു, തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലക്‌നൗ: ”അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പ്രയാസമാണ്. അതിനാല്‍ ദയവായി വിവാഹമോചനം അനുവദിക്കണം.”

യുവതിയുടെ ആവശ്യമറിഞ്ഞ് ഉത്തര്‍പ്രദേശില്‍ സംഭാലിലെ ശരി അത്ത് കോടതി വിസ്മയിച്ചു. 18 മാസത്തെ ദാമ്പത്യത്തിനു ശേഷവും ഭര്‍ത്താവിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിയുന്നില്ലെന്ന് യുവതി വിശദീകരിച്ചു.

”അദ്ദേഹം എന്നോട് ക്ഷോഭിക്കുകയോ ഒരുകാര്യത്തിലെങ്കിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിലപ്പോള്‍ എനിക്കായി പാചകം ചെയ്യും. വീട്ടുജോലികളില്‍ സഹായിക്കുകയും ചെയ്യും. ഇത്തരമൊരു അന്തരീക്ഷത്തില്‍ എനിക്കു ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോടു തര്‍ക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്.”

മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭര്‍ത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. താന്‍ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഭര്‍ത്താവാകട്ടെ, വിവാഹമോചനം അനുവദിക്കരുതെന്ന് കോടതിയോട് അപേക്ഷിച്ചു.

ആവശ്യം കോടതി നിരസിച്ചെങ്കിലും യുവതി പിന്‍മാറിയില്ല. പഞ്ചായത്തിനെ സമീപിച്ചു. അവരും വിസമ്മതിച്ചതോടെ തല്‍ക്കാലം വഴിയടഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7