സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ ഒളിവിലെന്ന് എൻഐഎ. യുഎഇയിലാണ് പ്രതികൾ ഒളിവിൽ കഴിയുന്നത്. മൂന്നാം പ്രതി ഫൈസൽ ഫരീദ്, പത്താം പ്രതി റബിൻസ്, പതിനഞ്ചാം പ്രതി സിദ്ദീഖ് ഉൾ അക്ബർ, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് യുഎഇയിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികൾ ഒളിവിലാണെന്ന വിവരമുള്ളത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫൈസൽ ഫരീദ് ഒഴികെ മൂന്ന് പേർക്കായി ബ്ലൂ കോർണർ നോട്ടീസ് അയയ്ക്കാൻ ഉടൻ നടപടി തുടങ്ങും. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും കണ്ടെത്തി. രാജ്യത്തും വിദേശത്തുമുള്ള യുഎഇ കോൺസുലേറ്റ് അംഗങ്ങളുടെ പങ്കിനെ കുറിച്ച് വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കേസിൽ നിലവിൽ 20 പ്രതികളാണുള്ളത്. അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പേർ പ്രതിയാകാൻ ഇടയുണ്ടെന്നും എൻഐഎ വ്യക്തമാക്കി.