കോവിഡ് അറിയാന്‍ സ്രവ സാംപിളിനു പകരം വായിലും തൊണ്ടയിലുമായി കവിള്‍ക്കൊള്ളുന്ന വെള്ളം മതി

ന്യൂഡല്‍ഹി : സ്രവ സാംപിളിനു പകരം വായിലും തൊണ്ടയിലുമായി കവിള്‍ക്കൊള്ളുന്ന വെള്ളം പരിശോധിച്ചും കോവിഡ് നിര്‍ണയിക്കാമെന്നു പഠനം. നിലവില്‍, സുരക്ഷാ മുന്‍കരുതലുകളോടെ തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ സ്രവം നേരിട്ടു ശേഖരിക്കുകയാണു ചെയ്യുന്നത്. ഇതിലെ പോരായ്മകള്‍ക്കു പരിഹാരം എന്ന നിലയില്‍ കൂടിയാണു കവിള്‍ക്കൊണ്ട വെള്ളം പരിശോധിച്ച് രോഗനിര്‍ണയം നടത്താമെന്നു നിര്‍ദേശിക്കുന്നത്. ഈ രീതി പരിശോധനാ പ്രോട്ടോക്കോളിന്റെ ഭാഗമാക്കിയിട്ടില്ല.

2 തരം സാംപിളുകളുടെ ഫലപ്രാപ്തിയും വ്യത്യസ്ത രീതിയില്‍ സാംപിള്‍ ശേഖരിക്കുമ്പോഴുള്ള രോഗികളുടെ പ്രതികരണവുമാണു എയിംസിലെ ഡോക്ടര്‍മാര്‍ പഠിച്ചത്. മേയ്, ജൂണ്‍ മാസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച 50 പേരില്‍ നിന്നു 2 തരം സാംപിളും ശേഖരിച്ചു. ആര്‍ടി പിസിആര്‍ പരിശോധനയില്‍ അവയെല്ലാം പോസിറ്റീവായി. നേരിട്ടു സ്രവ സാംപിള്‍ എടുത്തപ്പോള്‍ 72% പേരും അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാല്‍ കവിള്‍ക്കൊണ്ട വെള്ളം സാംപിള്‍ നല്‍കാന്‍ 24% പേര്‍ മാത്രമാണു ബുദ്ധിമുട്ടറിയിച്ചത്. ജര്‍മനി അടക്കം ചില രാജ്യങ്ങളും നേരത്തെ ഈ രീതി പരീക്ഷിച്ചിരുന്നു.

സാംപിള്‍ ശേഖരിക്കുന്നതിന് എളുപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കും. പിപിഇ കിറ്റ്, സ്വാബ് തുടങ്ങിയവയുടെ ചെലവു കുറയ്ക്കാനാകും. നിലവിലെ സാംപിള്‍ ശേഖരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കണം. എന്നാല്‍, പുതിയ രീതി ചെറിയ കുട്ടികളിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും പറ്റിയില്ലെന്നു വരാം. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താല്‍ വൈറസ് വ്യാപനത്തിനു കാരണമാകാം. വെള്ള സാംപിള്‍ ശേഖരണം വീട്ടിലാക്കിയാല്‍ ഇതു മറികടക്കാമെന്നാണു നിര്‍ദേശം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7