നേതൃത്വത്തെ തകര്‍ക്കുക എന്നത് ഫാസിസ്റ്റുകളുടെ തന്ത്രമാണ്; ഒന്നാം ലാവ്‌ലിന്‍ ചീറ്റിപ്പോയ കാര്യം യുഡിഎഫ് അറിഞ്ഞില്ലേയെന്ന് കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കുമിടയിലുള്ള പ്രതിഛായ, മുഖ്യമന്ത്രിയുടെ ജനസമ്മിതി എന്നിവ തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്ന് കോടിയേരി. ഈ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ കല്ലുവെച്ച നുണകളാണ് തുടര്‍ച്ചയായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആയിരം നുണകള്‍ പ്രചരിപ്പിക്കുക എന്ന നയമാണ് പ്രതിപക്ഷം ഇന്ന് സ്വീകരിക്കുന്നത്. ഇത് ബോധപൂര്‍വമാണ്.

“നേതൃത്വത്തെ തകര്‍ക്കുക എന്നത് ഫാസിസ്റ്റുകളുടെ തന്ത്രമാണ്. ഇതിന്റെ ഭാഗമായുള്ളതാണ് മുഖ്യമന്ത്രിക്കെതിരായ തുടര്‍ച്ചയായ പ്രചാരണങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസമ്മതി ഇടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളെ തുറന്നുകാണിക്കാന്‍ പാര്‍ട്ടി സജീവമായി രംഗത്തിറങ്ങും.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രൊഫഷണല്‍ ടീമുകളെ അണിനിരത്തിക്കൊണ്ടാണ് പാർട്ടിക്കെതിരേ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. വന്‍തോതില്‍ പണം മുടക്കിക്കൊണ്ടുള്ള പ്രചരണമാണിത്. നിരവധി കഥകളാണ് ഇതിനായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്”.

രണ്ടാം ലാവ്‌ലിന്‍ എന്നപേരില്‍ യുഡിഎഫിന്റെ കണ്‍വീനര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒന്നാം ലാവ്‌ലിന്‍ ചീറ്റിപ്പോയ കാര്യം യുഡിഎഫ് അറിഞ്ഞിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയുടെ വിധിന്യായം യുഡിഎഫുകാര്‍ വായിച്ചുനോക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ കേസുപോലെ തന്നെ ഇപ്പോഴത്തെ ആരോപണങ്ങളും അവസാനിക്കും.

ഇടതുപക്ഷത്തെ പൊതുജനമധ്യത്തില്‍ അപഹസിക്കാമെന്ന യുഡിഎഫ് തന്ത്രങ്ങളൊന്നും തന്നെ ഫലിക്കാന്‍ പോകുന്നില്ല. ജനങ്ങളെ അണിനിരത്തി അത്തരം കള്ളപ്രചാരവേ്‌ലകളെ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7