മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ വികാസ് സിങ്. എഫ്‌ഐആര്‍ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാര്‍ഥ് പിഥാനി കുടുംബവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അദ്ദേഹം റിയ ചക്രവര്‍ത്തിയെ സഹായിക്കാന്‍ തുടങ്ങി വികാസ് സിങ് പറയുന്നു.
എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതുവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന പിഥാനി സുശാന്തിന് വിഷാദരോഗമുണ്ടായിരുന്നുവെന്നും അത് ആത്മഹത്യയാണെന്നും കുടുംബത്തോട് നിരന്തരം പറഞ്ഞിരുന്നു. കുടുംബം ഇതു വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സുശാന്തിന്റെ പിതാവ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതോടെ ഇയാള്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ഇമെയിലായി റിയയ്ക്ക് അയച്ചുനല്‍കി. ആ സമയത്താണ് സുശാന്തിന്റെ കൊലപാതകമാണെന്ന ചിന്ത കുടുംബത്തിനുണ്ടായത്. തീര്‍ച്ചയായും സുശാന്തിന്റേത് കൊലപാതകമാകുന്നതിനുള്ള സാധ്യത വളരെ വളരെയാണ് സിങ് പറഞ്ഞു.
സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈരുദ്ധ്യങ്ങളുണ്ട്. റിപ്പോര്‍ട്ടില്‍ തൂങ്ങിമരണത്തിന്റേതായ ലക്ഷണങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ നഖങ്ങള്‍ പോലും പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വളരെ മോശം പേരുള്ള ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നത്. കാശുകൊടുത്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നതിന് പേരുകേട്ട സ്ഥാപനമാണത്. സുശാന്ത് തൂങ്ങിമരിച്ചത് എങ്ങനെയാണ് തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കാതെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കൃത്യമായ കണ്ടെത്തലില്‍ എത്താന്‍ സഹായിക്കുന്ന ഏജന്‍സിയാണ് സിബിഐയെന്നും വികാസ് പറയുന്നു.
സുശാന്ത് തൂങ്ങിയതെന്നു പറയപ്പെടുന്ന തുണിക്കു പുറമെ അദ്ദേഹത്തിന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിപ്പാടുമുണ്ടായിരുന്നു. ബെല്‍റ്റ് ഉപയോഗിച്ച് വരുത്തുന്ന തരത്തിലൂള്ള മുറിപ്പാടാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. നായ്ക്കളുടെ തുടലോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ബെല്‍റ്റിന്റേയാണോ ആ പാടെന്നതില്‍ വ്യക്തതയില്ലെന്നും അഭിഭാഷകന്‍ പറയുന്നു.