കൊച്ചി : ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വർണക്കടത്തു കേസിനു മുൻപ് വൻതോതിൽ വിദേശ കറൻസി രാജ്യത്തിനു പുറത്തേക്കു കടത്താനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സഹായം പ്രതി സ്വപ്ന സുരേഷ് തേടിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.
ജൂണിൽ പറന്ന വന്ദേഭാരത് വിമാനങ്ങളുടെ ദുബായിലേക്കുള്ള യാത്രയിൽ 5 വിദേശികൾക്കു ടിക്കറ്റ് ഉറപ്പാക്കാനാണു സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയത്. യുഎഇ കോൺസുലേറ്റിൽ നിന്നു സ്വപ്ന സുരേഷ് ബന്ധപ്പെടുമ്പോൾ സഹായിക്കണമെന്നു വിമാനക്കമ്പനിയെ നേരിട്ട് അറിയിച്ചതും ശിവശങ്കറാണ്.
ഈ സമയം സ്വപ്ന കോൺസുലേറ്റിലെ ജോലി രാജിവച്ചു ശിവശങ്കറിന്റെ കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിൽ ചേർന്നിരുന്നു. ഇത് അറിയാമായിരുന്നിട്ടും കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായി സ്വപ്നയെ പരിചയപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാൻ ശിവശങ്കറിനു കഴിഞ്ഞില്ല.
ഇന്ത്യയിൽ നിന്നു ശേഖരിച്ച വിദേശ കറൻസി ലോക്ഡൗൺ കാലത്തു വിദേശത്തേക്കു കടത്താൻ സ്വപ്ന വന്ദേഭാരത് സർവീസുകൾ ഉപയോഗപ്പെടുത്തിയെന്ന മൊഴി അന്വേഷണ സംഘങ്ങൾക്കു ലഭിച്ചതോടെയാണ് ഇതിൽ ശിവശങ്കറിന്റെ പങ്കും പുറത്തുവരുന്നത്. കേരളത്തിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ നാട്ടിലെത്തിക്കാനാണു സ്വപ്ന സഹായം തേടിയതെന്നാണു ശിവശങ്കറിന്റെ നിലപാട്.
എന്നാൽ, മലയാളികളെ തിരികെയെത്തിക്കാൻ പോയ വിമാനങ്ങളിൽ 8 ബാഗേജുകൾ അടക്കം സ്വപ്ന കയറ്റിവിട്ട 5 പേരും യുഎഇ പൗരന്മാരായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. വിദേശകറൻസി കടത്തിയതായി സംശയിക്കുന്ന ബാഗേജുകളുടെ പരിശോധനയിലും ദുരൂഹതയുണ്ട്.
സ്വർണക്കടത്തിന്റെ ഭാഗമായി നടത്തിയ കള്ളപ്പണ ഇടപാടുകളിൽ അന്വേഷണം തുടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു പ്രതീക്ഷ. സ്വപ്ന വിദേശകറൻസി ശേഖരിച്ചതു സ്വർണക്കടത്തിനു മാത്രമാണെന്ന് ഇഡി കരുതുന്നില്ല. വിദേശ കറൻസി ശേഖരിക്കാൻ സഹായിച്ചവരെ ചോദ്യം ചെയ്യുന്നതു പൂർത്തിയായാൽ ഇതിൽ കൂടുതൽ വ്യക്തത വരും.