ചെന്നൈ ക്രിക്കറ്റ് ലോകം മുഴുവൻ തന്റെ വിരമിക്കലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്ത് മിണ്ടാതെ മാറിനിൽക്കുക, വിരമിക്കൽ ചർച്ചകൾ നടത്തി തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക… തന്റെ കരിയറിനെ അലങ്കരിച്ച നാടകീയത വിരമിക്കുമ്പോഴും ചേർത്തുപിടിച്ചാണ് ധോണിയെന്ന ഇതിഹാസം രാജ്യാന്തര ക്രിക്കറ്റിന്റെ അരങ്ങൊഴിയുന്നത്. ഇന്ത്യൻ ജഴ്സിയിലേക്കുള്ള മടക്കം മുൻനിർത്തി ധോണിയുടെ ഐപിഎല്ലിലെ പ്രകടനം ഉറ്റുനോക്കിയിരുന്ന ആരാധകരെ നിരാശാക്കിയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. അതും സ്വതസിദ്ധമായ ശൈലിയിൽ, ഏറ്റവും മിതമായ വാക്കുകളിൽ…
‘ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – വിരമിക്കൽ പ്രഖ്യാപനം ഇത്രമാത്രം.
നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ധോണിയെ പുറത്തുകണ്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഐപിഎല്ലിന് ഒരുക്കമായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിനായി ചെന്നൈയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ധോണിക്കൊപ്പമുള്ള ചിത്രം സഹതാരവും ആത്മാർഥ സുഹൃത്തുമായ സുരേഷ് റെയ്ന പങ്കുവച്ചത്. ചെന്നൈ ടീമിലെ സഹതാരങ്ങളായ പിയൂഷ് ചാവ്‍ല, ബരീന്ദർ സ്രാൻ, ദീപക് ചാഹർ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡിന്റെ പിടിയിൽ അമർന്നുപോയ രാജ്യത്ത് ക്രിക്കറ്റ് ആവേശം തിരിച്ചുവരുന്നതിന്റെ ആദ്യ ലക്ഷണമായി കണ്ട ആ ചിത്രം, ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു മുന്നോടിയാണെന്ന് ആരും അറിഞ്ഞില്ല. ധോണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റെയ്ന കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ നാടകീയത പൂർണം.