പാലക്കാട്: രോഗപ്രതിരോധത്തിനു പ്രത്യേക ജാഗ്രതയും പരിശോധനയും രക്ഷാസംവിധാനവുമുള്ള സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കോവിഡ് ബാധിച്ചു ആദ്യ മരണം റിപ്പോർട്ടു ചെയ്തു. ആദിവാസി മേഖലയിലെ മരണം കോവിഡ് പ്രതിരോധരംഗത്തും ആശങ്ക ഉയർത്തിയിട്ടുണ്ട്.
അട്ടപ്പാടി പുതൂർപഞ്ചായത്തിലെ കുളപ്പടി ഊരിൽ മരുതിയാണ്(73) കോവിഡ് ബാധിച്ചു മരിച്ചത്. മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു മരണം. ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അട്ടപ്പാടിയിൽ യുവതി അടക്കം മൂന്ന് ആദിവാസികൾ പോസിറ്റീവ് ആയത് മേഖലയിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
നാലു ദിവസം മുൻപ് നേരിയ പക്ഷാഘാതത്തെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിലെത്തിയ മരുതിയെ കൂടുതൽ ചികിത്സക്കായി പെരിന്തൽമണ്ണ ഇഎംഎസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയപ്പോൾ വെളളിയാഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
ഉച്ചയോടെ മരണം സംഭവിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ ഇവർക്കു മറ്റു രോഗങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. മരുതി പോസീറ്റീവ് ആയതിനെ തുടർന്നു അവരുടെ ഊരിൽ നടത്തിയ ടെസ്റ്റിൽ ബന്ധുക്കളും അയൽക്കാരും നെഗറ്റീവ് ആണെന്നത് രോഗബാധയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ ഈ മേഖലയിലെ ആദിവാസികൾക്കിടയിലെ ഒരു പൊലീസുകാരനും യുവതിയുമുണ്ട്. ഒരാഴ്ചമുൻപ് മരുതി ഒരു കേസിന്റെ ആവശ്യത്തിന് അഗളിയിൽ എത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യമാസങ്ങളിലൊന്നും അട്ടപ്പാടിയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല.
ലോക്ഡൗൺ ഇളവിനെ തുടർന്ന് മറ്റിടങ്ങളിൽ നിന്നു നാട്ടിൽ മടങ്ങിയെത്തിയവരിൽ ഒൻപതു പേർ പോസിറ്റീവ് ആയിരുന്നു. അവരെ പ്രത്യേകം താമസിപ്പിച്ച് നിരീക്ഷിച്ചു രോഗവിമുക്തരാക്കി. അട്ടപ്പാടിയിലേക്ക് മറ്റിടങ്ങളിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലുംവിലക്കു ലംഘിച്ച് പലരും സ്ഥലം സന്ദർശകരായി എത്തിയത് ചർച്ചയായിരുന്നു.
മേഖലയിൽ പലർക്കും തോട്ടങ്ങളും സ്ഥാപനങ്ങളുമുള്ളതിനാൽ നിയന്ത്രണം പാളുന്ന സ്ഥിതിയുണ്ട്. തമിഴ്നാട് അതിർത്തിയായതിനാൽ രോഗം അതിരൂക്ഷമായ കോയമ്പത്തൂരിൽ നിന്നു ആളുകളെത്തുന്നത് ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ല. പൊലീസും ആരോഗ്യപ്രവർത്തകരും സജീവമായി ഊരുതോറും ബോധവൽക്കരണവും പ്രതിരോധ നടപടികളുമായി എത്തുന്നുണ്ടെങ്കിലും പുറമെ നിന്നെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല.
ഊരുകളിൽ ഭക്ഷ്യവസ്തുക്കളും മറ്റും സർക്കാർ മുടക്കമില്ലാതെ എത്തിക്കുന്നുണ്ട്. പല ആദിവാസി ഊരുകളും രോഗബാധക്കെതിരെ സ്വയം പ്രതിരോധം തീർക്കുന്ന നടപടികളിൽ സജീവമാണ്. തുടക്കം മുതൽ ഇവിടെ മാസ്ക് ധരിക്കാനും ആരംഭിച്ചു. കോട്ടത്തറ സ്പെഷൽറ്റി ആശുപത്രിയിൽ പ്രത്യേക കോവിഡ് പരിശോധനാ സംവിധാനവും ഏർപ്പെടുത്തി. മരുതിയുടെ മരണം സംബന്ധിച്ചു വിശദമായ പരിശോധന നടത്തുമെന്നുമെന്നും നിരീക്ഷണം ശക്തിപ്പെടുത്തി തുടർനടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.