തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും ചൊല്ലി ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ക്കിടയില്‍ ഭിന്നത. ജില്ലകളില്‍ പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിന് കൈമാറണമെന്ന ഐജി: വിജയ് സാഖറെയുടെ നിര്‍ദേശത്തിനെതിരെ ദക്ഷിണമേഖല ഐജി: ഹര്‍ഷിതാ അത്തല്ലൂരി ഡിജിപിക്കു വാക്കാല്‍ പരാതി നല്‍കി. എഡിജിപി ഷേക്ക് ദര്‍ബേഷ് സാഹിബും ഡിജിപിയെ അതൃപ്തി അറിയിച്ചു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനുള്ള സംസ്ഥാനതല നോഡല്‍ ഓഫീസറാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ. ഓരോ ജില്ലകളിലും ശേഖരിക്കുന്ന കോവിഡ് രോഗികളുടെ വിവരങ്ങള്‍ കൊച്ചി പൊലീസിന്റെ ആപ്പിലേക്കു നല്‍കണമെന്നു രണ്ടു ദിവസം മുന്‍പാണ് വിജയ് സാഖറെ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ആപ്പുകളിലേക്കു മാത്രമേ വിവരം കൈമാറാനാകൂ എന്നു വ്യക്തമാക്കിയ ഹര്‍ഷിത അത്തല്ലൂരി, സ്വകാര്യ കമ്പനി തയാറാക്കിയ കൊച്ചി പൊലീസിന്റെ ആപ്പിലേക്കു വിവരങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടിലാണ്. കോവിഡ് വിവരങ്ങള്‍ കൊച്ചി പൊലീസിന്റെ ആപ്പിലേക്കു നല്‍കരുതെന്നു ഹര്‍ഷിത അത്തല്ലൂരി ദക്ഷിണമേഖലയിലെ ക്രമസമാധാന ചുമതലയുള്ള എസ്പിമാര്‍ക്ക് നിര്‍ദേശവും നല്‍കി.
കോവിഡ് പ്രതിരോധം സംബന്ധിച്ച് പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് പുതിയ വിവാദം. കോവിഡ് പ്രതിരോധത്തിന് രോഗികളുടെ സിഡിആര്‍ (കോള്‍ ഡീറ്റൈല്‍സ് റെക്കോഡര്‍) ശേഖരിക്കാന്‍ 11ന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് ബാധിച്ച വ്യക്തിയുടെ 15 ദിവസത്തെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ലൊക്കേഷന്‍ പരിശോധിച്ച് രോഗിയുടെ നീക്കങ്ങള്‍ മനസിലാക്കാമെന്നിരിക്കെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോടാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്
ഡിജിപിയോട് താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രധാന ചുമതല നല്‍കുകയും കഴിവുള്ള ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തുന്നതിലും സേനയില്‍ അതൃപ്തിയുണ്ട്. ക്രമസമാധാനച്ചുമതലയില്‍ എഡിജിപിയും സോണ്‍ ഐജിമാരും ഉണ്ടായിരിക്കെ കൊച്ചി കമ്മിഷണറെ നോഡല്‍ ഓഫിസറായി നിയമച്ചതിനെതിരെയും സേനയില്‍ വിമര്‍ശനമുയരുന്നുണ്ട്.