ചെന്നൈയില്‍ നിന്ന് ആന്റമാനിലേക്ക് 2,312 കി.മീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍, 1224 കോടിയുടെ പദ്ധതി

ഇന്ത്യന്‍ ഉപദ്വീപിനെ ആന്റമാന്‍ നിക്കോബര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ചൈനയുമായുള്ള ബന്ധം അസുഖകരമായ സാഹചര്യത്തില്‍.

2018 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായ ബിഎസ്എന്‍എല്ലാണ് പദ്ധതി നടപ്പിലാക്കിയത്. ഏതാണ്ട് 1,224 കോടി രൂപയാണ് ചെന്നൈയില്‍ നിന്നും ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപു വരെ കടലിനടിയിലൂടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായി ചെലവായത്.

ആകെ 572 ദ്വീപുകളുള്ള ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപസമൂഹത്തില്‍ 37 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇതില്‍ പ്രാക്തന ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന ചില ദ്വീപുകളില്‍ ആര്‍ക്കും പ്രവേശനമില്ല. പ്രത്യേക സാഹചര്യങ്ങളില്‍ സൈനികരും നരവംശശാസ്ത്രജ്ഞരും മാത്രമാണ് ഇവിടേക്ക് അനുമതിയോടെ പോയിട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായി പരന്നു കിടക്കുന്ന ആന്റമാന്‍ ദ്വീപ് സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് അവയെ നിര്‍ണായകമാക്കുന്നത്. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റവും ആന്റമാന്‍ നിക്കോബര്‍ ദ്വീപസമൂഹത്തിലാണ്. ഇക്കൂട്ടത്തില്‍ തെക്കേ അറ്റത്തുള്ള ദ്വീപിലേക്ക് ഇന്തോനീഷ്യയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ദൂരം. വടക്കേ അറ്റത്തെ ദ്വീപിലേക്ക് മ്യാന്മറില്‍ നിന്നും വെറും 22 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് അകലമുള്ളത്. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുമായി സൗഹൃദം സൂക്ഷിക്കുന്നവരാണ്. എന്നാല്‍, മേഖലയിലെ ചൈനീസ് സാന്നിധ്യമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

മേഖലയിലെ കടല്‍ വഴിയുള്ള ചരക്കു നീക്കത്തിന്റെ സുരക്ഷാ ചുമതല ഇന്ത്യന്‍ നാവിക സേനക്കാണ്. ഇന്തോ പസഫിക് മേഖലയിലെ നിര്‍ണായകമായ ഈ സമുദ്രമേഖലയിലെ സമ്മര്‍ദങ്ങള്‍ ഇന്ത്യയെ മാത്രമല്ല ബാധിക്കുക. അതുകൊണ്ടാണ് ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവിക വിഭാഗങ്ങള്‍ സഹകരണം ശക്തമാക്കുന്നത്. 1980കള്‍ വരെ ഇന്ത്യയുടെ പ്രതിരോധ നയതന്ത്രങ്ങളില്‍ ആന്റമാന്‍ നിക്കോബര്‍ ദ്വീപുകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നില്ല. മേഖലയിലെ ഗോത്രവിഭാഗക്കാരായ ജരാവകളെ കുറിച്ച് പഠനം നടത്തിയ നരവംശശാസ്ത്രജ്ഞരെയായിരുന്നു ആന്റമാന്‍ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും മേഖലയിലെ കപ്പല്‍ ചരക്കു നീക്കത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ഇന്ത്യയെ മാറ്റി ചിന്തിപ്പിച്ചു. ചൈന- ബര്‍മ്മ സാമ്പത്തിക ഇടനാഴിയും തായ്ലന്‍ഡ് ഉള്‍ക്കടലിനേയും ആന്റമാന്‍ കടലിനേയും ബന്ധിപ്പിക്കുന്ന ജലപാതയും ചൈനയുടെ ആന്റമാന്‍ മേഖലയിലെ താത്പര്യം വ്യക്തമാക്കുന്നതായിരുന്നു.

ആന്റമാന്‍ നിക്കോബര്‍ ദ്വീപുമായി ബന്ധപ്പെട്ട പ്രദേശത്തെ ചൈനീസ് താത്പര്യം മനസിലാക്കി മറു തന്ത്രങ്ങള്‍ മെനയുകയാണ് ഇപ്പോള്‍ ഇന്ത്യ. ആന്റമാന്‍ ആന്റ് നിക്കോബര്‍ കമാന്റാണ് ഇന്ത്യയുടെ മേഖലയിലെ തന്ത്രപരമായ സാന്നിധ്യം ഉറപ്പുവരുത്തുന്നത്. ചൈന പ്രകോപനം തുടര്‍ന്നാല്‍ ഭാവിയില്‍ ഓസ്ട്രേലിയ, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ സുഹൃദ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ആന്റമാനിലെ ചില ദ്വീപുകള്‍ നാവികാഭ്യാസ കേന്ദ്രങ്ങളാക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...